തങ്ങളുടെ തലയ്ക്കുമുകളില്‍ ജലബോംബാണെന്നാണ് പാലക്കാട് ചിറ്റൂരിലുള്ള കുടുംബങ്ങള്‍ ആശങ്കയോടെ പറയുന്നത്. പൂര്‍ണമായി മണ്ണു കൊണ്ട് നിര്‍മിച്ച കമ്പാലത്തോട്, വെങ്കലക്കയം ഏരികള്‍ ആഴം കൂട്ടി ജലസംഭരണം വര്‍ധിപ്പിക്കാനുള്ള നടപടി തുടങ്ങിയതോടെയാണ് സമീപവീടുകളിലുള്ളവര്‍ക്ക് ഭീതി ഇരട്ടിയായത്.
ചിറ്റൂര്‍ മേഖലകളിലേക്ക് കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും ഉപയോഗപ്പെടുത്തുന്നതാണ് കമ്പാലത്തറ, വെങ്കലക്കയം ഏരികള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍ണമായി മണ്ണു കൊണ്ട് ബണ്ടുപോലെ നിര്‍മിച്ച ഏരി അടുത്തിടെയാണ് സംഭരണശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രവൃത്തിയും തുടങ്ങി. മണ്ണെടുത്ത്, ചെളി നീക്കി ആഴം കൂട്ടിയാണ് ദൗത്യം. ഇതുവഴി കാലവര്‍ഷത്തില്‍ കൂടുതല്‍ വെള്ളം ശേഖരിച്ചു ഉപയോഗപ്പെടുത്താമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ നടപടി തുടങ്ങിയതോടെ പ്രദേശത്തെ കുടുംബങ്ങളുടെ നെഞ്ചിടിപ്പ് കൂടി.
മണ്ണല്ലാതെ മറ്റുതടയണകളില്ല. മണ്ണിനാണെങ്കില്‍ ഉറപ്പു കുറവെന്ന പരാതിയുണ്ട്. നിലവിലെ ജലനിരപ്പ് തന്നെ ഏരിക്ക് താങ്ങാനാവുന്നില്ലെന്നും വെള്ളം കൂടിയാല്‍ സമീപവാസികള്‍ക്കു ഭീഷണിയാണെന്നുമാണ് നാട്ടുകാരുടെ പരാതി.
എന്നാല്‍ വിശദമായ ശാസ്‌ത്രീയപഠനങ്ങള്‍ക്കു ശേഷമാണ് പ്രവൃത്തിയിലേക്ക് കടക്കുന്നതെന്നും ആശങ്കവേണ്ടെന്നുമാണ് സ്ഥലം എം.എല്‍.എ കൂടിയായ വൈദ്യുതിമന്ത്രി കെ.കൃഷ്‌ണന്‍കുട്ടി പറഞ്ഞത്.