നാടാകെ സ്കൂൾ പ്രവേശനോൽസവം നടക്കുമ്പോഴും ഷൊർണൂർ ചുഡുവാലത്തൂർക്കാർക്ക് ഇത്തവണയും നിരാശയാണ്. 2 വർഷം മുൻപ് അടച്ച് പൂട്ടിയ ചുഡുവാലത്തൂർ എസ്.ആർ.വി.എൽപി സ്കൂൾ തുറക്കാൻ കഴിയാത്തിൻ്റെ വിഷമത്തിലാണ് നാട്ടുകാർ. കുരുന്നുകളുടെ കളിചിരികൾ നിറയേണ്ട സ്കൂൾ മുറ്റം ഇന്ന് ഒരു കാറ്റടിച്ചാൽ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.
നൂറോളം വർഷത്തെ പഴക്കമുണ്ട് സ്കൂളിന് 2022 ൽ അവസാനമായി ഏക വിദ്യാർഥിയും പടിയിറങ്ങിയതോടെയാണ് സ്കൂൾ അടച്ചുപൂട്ടണ്ടി വന്നത്. ഇരുപത് വർഷത്തിലേറെയായി കുരുന്ന് മനസ്സിലേക്ക് വിദ്യ പകർന്നു നൽകിയ ഏക അധ്യാപിക റഷീദ ടീച്ചറും പിന്നീട് സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയി. പിന്നീടിങ്ങോട്ട് സ്കൂളിന്റെ അവസ്ഥ ഇങ്ങനെയായത്.
എയ്‌ഡഡ് സ്ഥാപനം ആണെങ്കിലും കുട്ടികൾ ഇല്ലാതായതോടെ, മാനേജ്മെൻ്റിനും ഒന്നും ചെയ്യാനായില്ല. സ്കൂൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് പൂർവവിദ്യാർഥികളെ ഉൾപ്പെടുത്തി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റിക്കും രൂപം കൊടുത്തു. സ്കൂൾ നവീകരണത്തിന് താൽപ്പര്യം കുറഞ്ഞപ്പോൾ ജനകീയ കമ്മിറ്റി തന്നെ ഏറ്റെടുത്ത് നടത്താം എന്ന് പറഞ്ഞ് മാനേജ്മെൻ്റിനെ സമീപിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ആദ്യം 20 വിദ്യാർഥികളെ ചേർത്താൽ സ്കൂൾ പുനരാരംഭിക്കാം എന്ന് മനേജ്മെൻ്റ് പറഞ്ഞെങ്കിലും അത് സാധിച്ചില്ല. ഇതിനിടയിൽ സ്കൂളിൻ്റെ ഒരു ഭാഗം തകർന്നു വീഴുകയും ചെയ്തു. ഒരു നാടിന് അക്ഷര വെളിച്ചമേകിയ സ്കൂൾ ഈ പ്രവേശനോൽസവ കാലത്തും ചിതലരിച്ചു തീരുകയാണ്.