പാലക്കാട്ട് കൃഷിവകുപ്പിന്‍റെ സൗജന്യ വൈദ്യുതി കണക്ഷൻ എടുത്ത 413 കർഷകർക്ക് കെഎസ്ഇബിയുടെ നോട്ടിസ്. കുടിശിക ഉടൻ അടക്കാൻ അറിയിച്ചാണ് നോട്ടിസ്. കുടിശികയായ 13 കോടി രൂപ കൃഷി വകുപ്പ് അടയ്ക്കാത്തതിനാലാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ നോട്ടിസ് അയച്ചതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. കൃഷി വകുപ്പിനെ വിശ്വസിച്ച കർഷകർ വെട്ടിലായി.
ഷൊർണൂർ, പട്ടാമ്പി, മണ്ണാർക്കാട് ഡിവിഷൻ ഓഫീസുകൾക്ക് കീഴിലുള്ള 59 കൃഷി ഓഫീസുകളാണ് തുക നൽകേണ്ടത്. 2021 മുതൽ 2025 വരെയുള്ള കുടിശികയാണിത്. കൃഷി വകുപ്പ് തുക അടയ്ക്കാത്തതിനാലാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ നോട്ടീസ് അയച്ചതെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയത്. സൗജന്യമെന്ന് വിശ്വസിച്ച കർഷകർ വെട്ടിലായി. ഷൊർണൂർ കൃഷി ഭവനിൽ നിന്നു മാത്രം 1.61 കോടി രൂപയാണ് കെഎസ്ഇബിക്ക് നൽകാനുള്ളത്. കർഷകർക്ക് സൗജന്യ വൈദ്യുതി കണക്ഷൻ ആണെങ്കിലും എല്ലാ മാസവും നിശ്ചിത തുക കൃഷി വകുപ്പ് കെഎസ്ഇബിക്ക് അടയ്ക്കേണ്ടതുണ്ട്. എന്നാൽ സർക്കാരിൽ നിന്നും പണം ലഭ്യമാകാത്തതാണ് കുടിശിക വരാൻ കാരണമായതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരിൽ നിന്നും പലിശ ഉൾപ്പെടെ ഇപ്പോൾ ഈടാക്കി വരുന്നുണ്ട്. 2023 മേയ് 1 ന് മുൻപ് വരെ കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകൾ ലഭിക്കുമെന്നും എന്നാൽ അതിന് ശേഷമുള്ള ഉപഭോക്താക്കൾ 18 ശതമാനം പലിശ ഉൾപ്പെടെ നൽകേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.