123 വർഷത്തെ ചരിത്ര ശേഷിപ്പ് ഇനി ഓർമ മാത്രമാകും. ചെറുതുരുത്തി ഷൊർണൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിളാ നദിക്ക് കുറുകെ നിർമിച്ച ആദ്യത്തെ പാലമായ പഴയ കൊച്ചിപാലം പൊളിച്ചു നീക്കുന്നതിന് സർക്കാർ ഉത്തരവിട്ടു. കേരളപ്പിറവിക്ക് മുൻപ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂർ കൊച്ചിയെയും ഏകോപിപ്പിച്ചാണ് പാലം നിർമിച്ചത്. നിർമ്മാണം പൂർത്തിയാകും മുമ്പേ ദേശീയ പാതകൾ വിള്ളൽ വീണും ഇടിഞ്ഞു താഴ്ന്നും ഭീതിയുണ്ടാക്കുന്ന ഇക്കാലത്ത് കൊച്ചിൻ പാലം ഒരത്ഭുതമാണ്.
ചെറുറുതുത്തിയിലെ ഈ പാലം കണ്ടിട്ടില്ലാത്തവർ വിരളമായിരിക്കും. ഒന്നേക്കാൽ നൂറ്റാണ്ടിന്റെ ചരിത്രം പറയുന്നൊരു സ്പാൻ പാലം. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപ്പട്ടങ്ങളും പൊതുഖജനാവിലെ പണവുമായി 84 ലക്ഷം രൂപ ചെലവാക്കിയാണ് കൊച്ചി രാജാവ് ശ്രീ രാമ വർമ തമ്പുരാൻ 1902 ൽ പാലം പണി കഴിപ്പിച്ചത്. 1902 ജൂൺ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലൈ 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പാലത്തിലൂടെ സർവീസ് നടത്തി.
ഇതാണ് ചരിത്രം.
അറ്റകുറ്റപ്പണികളുടെ അപര്യാപ്തത മൂലം പാലത്തിനു പിന്നീട് ബലക്ഷയം വന്നു തുടങ്ങി. കുറേ തവണ അടച്ചിട്ടു. തൊട്ടടുത്ത് പുതിയ പാലം 2003 ജനുവരി 25ന് തുറന്നു. പാലത്തിന്റെ രണ്ടു സ്പാനുകൾ 2011 നവംബർ 9ന് നിലംപൊത്തി. ഏറ്റവുമൊടുവിൽ പാലം പൊളിച്ചു മാറ്റാൻ സർക്കാർ ഉത്തരവിട്ടു. ഉടൻ പൊളിച്ചു മാറ്റും. പഴയ കൊച്ചിപ്പാലം സംരക്ഷണമാവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവർത്തകർ മുന്നോട്ട് വന്നെങ്കിലും ഫലമുണ്ടായില്ല. നിളയുടെ നീരൊഴുക്കിനെ തഴുകുന്ന ചരിത്ര സ്മാരകം ഓർമയാവുകയാണ്.