കുടിവെള്ളപൈപ്പിലൂടെ വെള്ളം വന്നില്ലെങ്കിലും ബില്ല് വന്നു. അതും 15,000 രൂപ മുതൽ 85000 രൂപ വരെ. പാലക്കാട് വാണിയംകുളം മാന്നന്നൂരിലാണ് സംഭവം. ബില്ല് കിട്ടിയ കുടുംബങ്ങൾ വാട്ടർ അതോറിറ്റിയ്ക്ക് പരാതി നൽകി. മാന്നന്നൂർ, ചെറുകാട്ടുപുലം ഭാഗങ്ങളിൽ 2025 ജനുവരി മുതലാണ് പുതുതായി എടുത്ത കണക്ഷനിൽ വെള്ളം ലഭിക്കാൻ തുടങ്ങിയത്. അഞ്ചു മാസങ്ങൾക്കപ്പുറം മെയ് മാസത്തിൽ കണക്ഷൻ എടുത്തവർക്ക് ബില്ല് വന്നു തുടങ്ങി. ഇതിൽ 12 കുടുംബങ്ങൾക്കാണ് ഭീമൻ ബില്ല് കിട്ടിയത്.
ആദ്യത്തെ ബില്ലിൽ മിനിമം തുകയായ 74 രൂപ അടയ്ക്കണം എന്നായിരുന്നു രേഖപ്പെടുത്തിയത്. രണ്ടാമത്തെ ബില്ല് വന്നതിലാവട്ടെ പതിനായിരങ്ങളുടെ വിത്യാസം .പതിമൂവായിരവും, ഇരുപത്തി അയ്യായിരവും,അൻപതിനായിരവും, എൺപത്തി അയ്യായിരവും തുടങ്ങി ഭീമമായ തുകകളുടെ ബില്ലുകൾ ലഭിച്ചവർ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. ചിലർ പഞ്ചായത്തിനെയും വാട്ടർ അതോറിറ്റിയേയും സമീപിച്ചു.
പ്രശ്നം എന്താണെന്ന് വാട്ടർ അതോറിറ്റിക്കും വ്യക്തമല്ല. തുകയിൽ വ്യത്യാസം ഉള്ളവരോട് പരാതി നൽകാനാണ് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞത്. ഇതുപ്രകാരം പരാതിയും നൽകി പരിഹാരത്തിനായി കാത്തിരിക്കുകയാണ് കുടുംബങ്ങള്‍.