സാമൂഹ്യ വിരുദ്ധർക്കും ക്രിമിനലുകൾക്കും അഴിഞ്ഞാടാനുള്ള ഇടമായി പാലക്കാട് മണ്ണാർക്കാട്ടെ ബവ്റിജസും പരിസരവും. ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും നഗരമധ്യത്തിലെ മദ്യവില്പനശാലക്കു സമീപം നിരീക്ഷണം പോലും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.
സംസ്ഥാനത്തെ തന്നെ ഏറ്റവും വൃത്തിഹീനമായ പരിസരത്തിലൊരു മദ്യ വില്പനകേന്ദ്രം. മാസം 17 ലക്ഷത്തിനു മുകളിൽ ദിവസവരുമാനം. പാലക്കാട് - കോഴിക്കോട് ദേശീയ പാതയോരത്ത്, നഗരമധ്യത്തിലായിട്ടും ബവിറിജസിൽ സുരക്ഷയില്ല. അമ്പാഴക്കോട് കിഴക്കേതലക്കില്‍ ഇര്‍ഷാദിനെ കഴിഞ്ഞ ആഴ്ചയാണ് ഇവിടെ വെച്ച് ബിയർ കുപ്പി വെച്ച് തലക്കടിച്ചും കഴുത്തിൽ കുത്തിയും കൊലപ്പെടുത്തിയത്. സാമൂഹ്യവിരുദ്ധരും ക്രിമിനലുകളും കാരണം നാട്ടുകാർക്ക് സ്വസ്ഥത നഷ്ടപ്പെട്ട നിലയായി..
തെറി വിളിയും, വഴക്കും കയ്യങ്കളിയും സ്ഥിരം കാഴ്ച. മലമൂത്ര വിസർജനവും മാലിന്യങ്ങളും വേറെയും. സമീപവാസികളും വ്യാപരികളും നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. നിലവിൽ മംഗല്യടവറിന്റെ രണ്ടാം നിലയിലാണ് മദ്യവില്പനശാല പ്രവർത്തിപ്പിക്കുന്നത്
ബവ്റിജസ് ഷോപ്പ് ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം യൂത്ത് ലീഗ് മാർച്ച് നടത്തിയിരുന്നു. നടപടിയില്ലെങ്കിൽ ജനകീയ പ്രതിഷേധാത്തിനൊരുങ്ങുകയാണ് നാട്...!!