മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ തൃത്താല നാഗലശേരിയിലെ മാങ്ങാട്ട് കുളത്തിന്‍റെ നവീകരണത്തിന് തുടക്കമായി. വര്‍ഷങ്ങളായി പായല്‍ മൂടിക്കിടന്ന കുളം ഒടുവില്‍ കുടിവെള്ളം തേടുന്ന ഇടമായി മാറുകയാണ്. ജലഉറവിടം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് നൂറിലധികം കുടുംബങ്ങള്‍.
കാട് മൂടിയും, മാലിന്യം നിറഞ്ഞും, സംരക്ഷണഭിത്തി ഇടിഞ്ഞ് നാശത്തിന്‍റെ വക്കിലായിരുന്നു മാങ്ങാട്ട് കുളം. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കുളത്തിന്‍റെ ഈ ദുരവസ്ഥ മനോരമ ന്യൂസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ നാടുണര്‍ന്നു. ഉദ്യോഗസ്ഥരും. മന്ത്രി എം ബി രാജേഷിന്‍റെ സുസ്ഥിര തൃത്താല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ഒറ്റ വാര്‍ത്തയിലൂടെ ഒരുപാട് മാറ്റത്തിന് തുടക്കം.
70 സെന്‍റിലധികം വിസ്തൃതിയുള്ള കുളം ഒരു കാലത്ത് പ്രദേശത്തെ കാർഷിക മേഖലയുടെയും കുടിവെള്ള ലഭ്യതയുടെയും പ്രധാന സ്രോതസ്സായിരുന്നു. കുളം നവീകരിക്കണമെന്നത് കര്‍ഷകരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യമായിരുന്നു. കുളത്തിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടി പടവുകൾ നിർമിച്ചു കഴിഞ്ഞു. കരിങ്കല്ലുകൾ കൊണ്ട് സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കി. കുളത്തിന് ചുറ്റും പൂട്ടുകട്ട സ്ഥാപിച്ചു. സംരക്ഷണ വേലിക്കൊപ്പം ഇരിപ്പിടവും നിര്‍മിച്ചിട്ടുണ്ട്. സോളര്‍ ലൈറ്റും സ്ഥാപിക്കും.നീന്തൽ പരിശീലനത്തിനും നവീകരണം ഗുണകരമാവും. കാർഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതക്കും ഒരുപോലെ പ്രയോജനകരമായ കുളം ഒരു കോടി രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്.