ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഭാരതപ്പുഴയ്ക്കും ഇടയിലെ പള്ളം പ്രദേശത്തേക്കുള്ള വഴിയടഞ്ഞു. നാട്ടുകാർ വർഷങ്ങളായി ഉപയോഗിച്ചിരുന്ന റോഡ് പ്ലാറ്റ് ഫോം നിർമാണത്തിന്‍റെ ഭാഗമായി നിർമാണ സാമഗ്രികൾ കൂട്ടിയിട്ടു റെയിൽവേ അടച്ചതാണു പ്രതിസന്ധി.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനു സമാന്തരമായുള്ള വാലറ്റ പ്രദേശത്തെ വഴിയാണ് അടഞ്ഞത്. ഇതോടെ പള്ളത്തുകാർ പ്ലാറ്റ്ഫോമിലേക്കു കയറി റെയിൽപ്പാളം കുറുകെ കടന്നാണു പോകുന്നത്. പ്രദേശത്തെ അറുപതിലേറെ കുടുംബങ്ങൾ പ്രതിസന്ധിയിലായി.
ഒറ്റപ്പാലം ആർഎസ് റോഡ് അവസാനിക്കുന്ന ഭാഗത്താണു കാൽനടയാത്ര പോലും ദുഷ്കരമായി മാറിയ സാഹചര്യം. നേരത്തെ റോഡ് അവസാനിക്കുന്ന ഭാഗത്തു വാഹനങ്ങൾ നിർത്തിയിട്ടു റെയിൽപ്പാളം കുറുകെ കടന്നായിരുന്നു കാൽനടയാത്ര. റോഡ് അവസാനിക്കുന്നിടത്തിനു 100 മീറ്റർ അകലെയാണു കല്ലിട്ടു വഴിയടച്ച സാഹചര്യം. പ്ലാറ്റ്ഫോം നിർമാണത്തിനായി ഈ ഭാഗത്തു റെയിൽവേയുടെ മതിലും പൊളിച്ചുമാറ്റിയിട്ടുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ വീതി പകുതിയായി കുറയുന്ന റോഡിൽ ബൈക്ക് യാത്ര പോലും ദുഷ്കരമാകും. പഴയ ഇമ്പീരിയൽ തിയറ്റർ മുതൽ പഴയ ഓട്ടുകമ്പനി വരെയും റോഡിന്‍റെ ഒരു ഭാഗം നഷ്ടമാകുമെന്ന ആശങ്കയും പള്ളത്തുകാർക്കുണ്ട്. ഭൂമി പൂർണമായും റെയിൽവേയുടേതാണെങ്കിലും പതിറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. നഗരസഭ വാടക നൽകിയാണു റോഡ് ഉപയോഗിക്കുന്നത്. സുരക്ഷിത യാത്രയ്ക്കു സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംപിക്കും എംഎൽഎയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാര്‍.