നെല്‍കര്‍ഷകരെ ആശങ്കയിലാക്കി സപ്ലൈക്കോയുടെ മെല്ലെപ്പോക്ക്. പാലക്കാട് മാത്തൂരില്‍ ഇരുപത് ദിവസം മുന്‍പ് കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ ഇനിയും നടപടിയുണ്ടായിട്ടില്ല. വേനല്‍മഴ കനക്കുന്നതിനാല്‍ നെല്ല് കിളിര്‍ത്ത് നശിക്കുമോ എന്നതാണ് കര്‍ഷകരുടെ ആശങ്ക. പരിമിതികളെല്ലാം മറികടന്ന് കൊയ്തെടുത്ത നെല്ലാണിത്. പലതവണ ഉണക്കിയും മഴക്കാറ് കണ്ടപ്പോള്‍ ഷീറ്റിട്ട് മൂടിയും കരുതലൊരുക്കി സൂക്ഷിച്ചവ. ഇന്നല്ലെങ്കില്‍ നാളെ സപ്ലെക്കോ നെല്ല് സംഭരിക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച വേഗതയുണ്ടായില്ല. നെല്ലളക്കാന്‍ വൈകരുതെന്നാണ് കര്‍ഷകരുടെ ആവശ്യം.
മഴ കനക്കുന്നതിനാല്‍ ഈര്‍പ്പം തട്ടി നെല്ല് കിളിര്‍ക്കാനുള്ള സാധ്യതയുണ്ടെന്നതാണ് ആശങ്ക. അങ്ങനെയങ്കില്‍ കനത്ത നഷ്ടമുണ്ടാവും. അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പിനും തടസമാവും. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടിയാണ് വേണ്ടത്. കഴിഞ്ഞദിവസങ്ങളിലെ അവധിയാണ് കാലതാമസത്തിന് കാരണമെന്നും വൈകാതെ നെല്ല് സംഭരിക്കുമെന്നും സപ്ലൈക്കോയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും വിശദീകരണം.