ആഘോഷങ്ങളെന്നാൽ കരുതലിന്‍റെയും ചേർത്തുപിടിക്കലിന്‍റെയും കൂടി അടയാളപ്പെടുത്തലെന്ന് ഓർമപ്പെടുത്തുകയാണ് ഒരുകൂട്ടം യുവാക്കൾ. പ്രസിദ്ധമായ പട്ടാമ്പി നേർച്ച ഉപാഘോഷ കമ്മിറ്റികളിലെ ബാബാസ് എന്ന ടീം കൂട്ടത്തിലുണ്ടായിരുന്ന യുവാവിന് ഗുരുതര രോഗം ബാധിച്ചതോടെ ആഘോഷങ്ങൾ ഒഴിവാക്കി ആ പണം ചികിൽസയ്ക്ക് നൽകിയാണ് മാതൃകയായത്.
ബാബാസ്, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലാണ്. പട്ടാമ്പി നേർച്ച ആഘോഷത്തിന്‍റെ ഭാഗമായി ആനപ്പുറത്ത് ഇരിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് ആണിത്. ഉറക്കെ വിളിച്ചു പറഞ്ഞതാണിത്.ഒരു ടീമിന്റെ മാത്രമല്ല പട്ടാമ്പി നേർച്ചയ്ക്കെത്തിയ നിരവധിപേർ ഒരേ സ്വരത്തിൽ പറഞ്ഞതാണിത്.ഈ വാചകങ്ങൾക്ക് പിന്നിൽ കരുതലിന്റെ ഒരു കഥയുണ്ട്.
കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി പട്ടാമ്പി മാർക്കറ്റിന് സമീപത്തെ ബാബാസ് ടീം നേർച്ചയുടെ ഭാഗമാണ്. പെരുമയുള്ള കൊമ്പൻമാരെയും പ്രമുഖ ബാൻഡ് വാദ്യ ടീമുകളെയും ഇവർ നേർച്ചയ്ക്കായി എത്തിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇവർക്ക് ആഘോഷമില്ല. തങ്ങളുടെ ടീമിന്റെ ഭാഗമായ അംഗം ഗുരുതര രോഗത്തോട് പൊരുതുമ്പോൾ ഇവർക്കെങ്ങനെ ആഘോഷിക്കാൻ കഴിയും. അതിനാൽ ആഘോഷം ഒഴിവാക്കി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ ചികിത്സക്കായി പണം കൈമാറി.
രണ്ടര പതിറ്റാണ്ട് കാലത്തെ തുടർച്ചയായ ആഘോഷത്തേക്കാളും സാന്ത്വന പ്രവർത്തനത്തിനായി ആഘോഷം മാറ്റിയ ഇക്കൊല്ലം എന്നും ഓർമിക്കപ്പെടും. പ്രചരണമില്ലാതെ പ്രിയ സുഹൃത്തിനെ ആരോഗ്യവാനാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ധനസമാഹരണം തുടരുകയാണിവർ.