രാത്രിയില്‍ കാവലിരുന്ന കര്‍ഷകരുടെയും കണ്ണ് വെട്ടിച്ചാണ് കാടിറങ്ങിയവര്‍ കൃഷിയിടത്തിലേക്കെത്തിയത്. മരം തട്ടിമറിച്ചുള്ള വരവില്‍ മൂപ്പെത്താറായ നെല്‍വിളകള്‍ പൂര്‍ണമായും തരിപ്പണമാക്കി.
'ഞങ്ങള്‍ കടമൊക്കെ വാങ്ങിയാണ് കൃഷിയിറക്കുന്നത്. ഇങ്ങനെ കൊയ്തെടുക്കാന്‍ സമയമാവുമ്പോള്‍ ആന വന്നിറങ്ങി നശിപ്പിക്കുന്നത് എങ്ങനെ തടയാനാണ്. വലിയ ബുദ്ധിമുട്ടാണ്' - ആര്‍.രുഗ്മിണി, കര്‍ഷക
'ആന വന്ന് പൂര്‍ണമായും നെല്ല് നശിപ്പിക്കുന്ന സ്ഥിതിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പടക്കം പൊട്ടിച്ച് പോകുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല' - എ.ഉണ്ണിക്കൃഷ്ണന്‍, കര്‍ഷകന്‍
മരം കോച്ചുന്ന തണുപ്പിനെ അതിജീവിച്ച് രാത്രി കാവലിരുന്നാലും പ്രയോജനമില്ലെന്ന് കര്‍ഷകര്‍.
'ഒരുമാസത്തിലേറെയായി ഞങ്ങള്‍ രാത്രി കാവലിരിക്കുകയാണ്. ആനയെ പ്രതിരോധിക്കാന്‍ കഴിയാതെ കര്‍ഷകന്‍ പ്രതിസന്ധിയിലാവുന്ന സ്ഥിതിയാണുള്ളത്' - വി.ശ്രീജിത്ത്, കര്‍ഷകന്‍
കഞ്ചിക്കോടും, വാളയാറും, വേനോലിയും, മലമ്പുഴയുമെല്ലാം കടന്ന് ആനകളുടെ നാട്ടിലേക്കുള്ള വരവ് കൂടിയിട്ടുണ്ട്. ദാഹജലം തന്നെയാണ് പ്രധാന പ്രതിസന്ധി. മൂപ്പെത്തിയ നെല്ല് കൂടി കിട്ടുന്നതോടെ കരുതല്‍ സൂക്ഷിക്കാനുള്ള കര്‍ഷകന്‍റെ ശ്രമമാണ് വിഫലമാവുന്നത്.