ബിൽ കുടിശികയെത്തുടര്‍ന്ന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതോടെ ഇരുട്ടിലായ തൃത്താലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വെള്ളിയാങ്കല്ല് പാലത്തിൽ ചൂട്ടുതെളിച്ച് കോൺഗ്രസും ഫ്ലാഷ് ഓൺ സമരം സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗും. പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
രണ്ടുമാസത്തെ വൈദ്യുതിക്കുടിശിക അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി വിശ്ചേദിച്ചത്. ഇതോടെ വെള്ളിയാങ്കല്ല് പാലം പൂർണമായും ഇരുട്ടിലായി. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് ഒരുമാസം പിന്നിടുന്നു. വ്യാപക പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥര്‍ക്ക് നിസംഗ ഭാവമെന്നാണ് ആക്ഷേപം. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധം ഡിസിസി വൈസ് പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബുവും, മുസ്‌ലിം യൂത്ത് ലീഗ് ഫ്ലാഷ് ഓൺ സമരം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്‍റ് മുസ്തഫ തങ്ങളും ഉദ്ഘാടനം ചെയ്തു.
295 മീറ്റർ നീളമുള്ള പാലത്തിനു മുകളിൽ 24 വൈദ്യുത വിളക്കുകളാണുള്ളത്. വൈദ്യുതി വിച്ഛേദിച്ചതോടെ പാലം പൂർണമായി ഇരുട്ടിലാതിനൊപ്പം അപകടഭീഷണിയും ഏറെയാണ്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്തുള്ള അടിയന്തര പരിഹാരം വേണമെന്നാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ ആവശ്യം.