സമഗ്ര കാർഷിക വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കൃഷി സമൃദ്ധി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ പദ്ധതി 107 പഞ്ചായത്തുകളിലായിരിക്കും നടപ്പാക്കുക.
പ്രാഥമിക കാര്‍ഷിക മേഖലയെ ശാക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുക, കര്‍ഷകരുടെ വരുമാന വര്‍ധന ഉറപ്പാക്കുക, സുരക്ഷിത ഭക്ഷണം എന്നിവയാണ് കൃഷി സമൃദ്ധിയുടെ ലക്ഷ്യങ്ങള്‍. നാടിന്‍റെ സമഗ്ര കാർഷിക വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കൃഷിയിലൂടെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിന് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ രണ്ടാം ഘട്ടമായി കൃഷിഭവന്‍ തലത്തില്‍ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെയാവും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. മന്ത്രി എം.ബി.രാജേഷ് പരിപാടിയുടെ അധ്യക്ഷനായി. മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.