മലപ്പുറം വണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിലം ഒരുക്കുന്നതിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ട്രാക്ടർ ഡ്രൈവർ എളങ്കൂർ സ്വദേശി രാജേഷ് ട്രാക്ടറിനടിയിൽ കുടുങ്ങി. അര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഗ്നിരക്ഷാസേന രാജേഷിനെ പുറത്തെടുത്തത്. പരുക്കേറ്റ രാജേഷിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവാലി വാളൂറിങ്കലിന് സമീപമാണ് അപകടം ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ അല്പം ചരിഞ്ഞ ഭൂമിയിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കുന്നതിനിടെയായിരുന്നു അപകടം. രാജേഷ് ഓടിച്ചിരുന്ന ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. ഇതോടെ ഡ്രൈവർ ട്രാക്ടറിനടിയിൽ കുടുങ്ങി.
അപകടവിവരം അറിഞ്ഞ് തിരുവാളിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ട്രാക്ടറിനടിയിൽ കുടുങ്ങിയ രാജേഷിനെ ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. രാജേഷിന്റെ പരുക്കുകളുടെ തീവ്രത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.