ഉദ്ഘാടനങ്ങള്‍ പലവിധമുണ്ട്. നാടമുറിച്ച് ഉദ്ഘാടനം ചെയ്യും, സ്പോര്‍ട്സുമായി ബന്ധപ്പെട്ടതാണെങ്കില്‍ കളിച്ച് ഉദ്ഘാടനവും ചെയ്യും. എന്നാല്‍ ഒരു കുളം ഉദ്ഘാടനം ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അതിപ്പം എന്താ ഇത്ര വൈറല്‍ ആകാനെന്ന് ചിന്തിച്ചെങ്കില്‍, വൈറലാകാന്‍ കാരണമുണ്ടെന്ന് പറയേണ്ടി വരും.
സംഭവം നടക്കുന്നത് നമ്മുടെ മലപ്പുറത്താണ്. മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്‍റെ ഉദ്ഘാടനത്തിനിടെ മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി ചെറിയൊരു വേല കാണിച്ചു. കുളത്തിന്‍റെ ഉദ്ഘാടനമല്ലേ നടക്കുന്നത്, അപ്പോള്‍ കുളത്തിലിറങ്ങി ചെയ്യേണ്ടേ? അതല്ലേ അതിന്‍റെ ന്യായം.
ഗ്രാമപഞ്ചായത്ത് അംഗം ഷബീർ മാഞ്ഞാമ്പ്ര കുളത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുളത്തിലേക്ക് തള്ളിയിട്ടു. ഇത് വ്യക്തമായി പ്ലാന്‍ ചെയ്ത് നടത്തിയ ഒരു തളളിയിടല്‍ ആയിരുന്നു. എന്നാല്‍ തള്ളിയിട്ട ഷബീർ മാഞ്ഞാമ്പ്രയ്ക്ക് ഇതിനെക്കുറിച്ചറിയില്ലെന്ന് മാത്രം.
എന്നാല്‍ പിന്നീട് നടന്നതിലാണ് കഥയുടെ ട്വിസ്റ്റുളളത്. കുളത്തില്‍ നിന്ന് കയറി വന്ന ഷബീർ മാഞ്ഞാമ്പ്ര പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം നാടിന് സമര്‍പ്പിച്ചു. ഓര്‍ക്കാപ്പുറത്ത് കുളത്തില്‍ വീണതിന്‍റെ ഒരു ഞെട്ടല്‍ നജ്മ തബഷീറയ്ക്ക് ഉണ്ടായിരുന്നെങ്കിലും എല്ലാവരും അതൊരു സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്തു. എം എല്‍ ഫണ്ട് ഉപയോഗിച്ചാണ് കുളത്തിന്‍റെ നവീകരണ പ്രവര്‍ത്തനം നടത്തിയത് .
വ്യത്യസ്തമായ കുളം ഉദ്ഘാടനത്തെക്കുറിച്ച് എംഎല്‍എ മഞ്ഞളാം കുഴി ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധേയമാകുന്നു
''ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും, ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും, വേണ്ടപ്പോൾ ഉപദേശിക്കും, പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കും.ഇന്നലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു. പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷംനാടിന്‍റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോർക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഹൃ. ദയം നിറഞ്ഞ ആശംസകൾ...''
ചുരുക്കത്തില്‍ ഇങ്ങനെയും കുളം ഉദ്ഘാടനം ചെയ്യാം എന്ന് മനസ്സിലായില്ലേ . ഇനിതൊട്ട് കുളം ഉദ്ഘാടനം ചെയ്യുന്നുണ്ടെങ്കില്‍ ജനപ്രതിനിധികള്‍ നീന്തല്‍ പഠിക്കണമെന്ന് സാരം.