കിടപ്പാടവും ഭൂമിയും നഷ്ടമായ മലപ്പുറം മുണ്ടേരി വാണിയമ്പുഴ ആദിവാസി ഉന്നതിയിലെ 64 കുടുംബങ്ങൾക്ക് ഏഴാം വർഷവും ചോർന്നൊലിക്കുന്ന കുടിൽ തന്നെ ശരണം. കാട്ടുമൃഗങ്ങൾക്ക് നടുവിലെ ഒട്ടും സുരക്ഷിതമല്ലാത്ത ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബങ്ങൾ.
2019ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായ വാണിയമ്പുഴയിലെ ആദിവാസി കുടുംബങ്ങളുടെ പരാതിക്ക് പരിഹാരം ഇന്നും അകലെയാണ്. പുനരധിവാസ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചെങ്കിലുംകാര്യം മാത്രം നടന്നില്ല.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ താൽക്കാലിക കുടിലുകളാണ് താമസം. മഴ പെയ്യുമ്പോൾ ചോർന്നൊലിക്കും. പാത്രം വച്ച് വീടിനകത്ത് വീഴുന്ന മഴവെള്ളം ഉറക്കം ഒഴിച്ചിരുന്ന് പുറത്തുകൊണ്ടുപോയി കളയണം. ഐടിഡിപി പേരിനൊരു ടാർപ്പായ മാത്രമാണ് നൽകിയത്. ഓരോ കൂരയിലും മൂന്നും നാലും കുടുംബങ്ങൾ ഒന്നിച്ചാണ് താമസം. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ ഭയന്നാണ് ഈ കുടുംബങ്ങളുടെ ജീവിതം കടന്നു പോകുന്നത്.