മലപ്പുറം എടക്കര പാലേമാട് വനംവകുപ്പും കർഷകരും സ്ഥാപിച്ച വൈദ്യുതി വേലികൾ തകർത്ത് കാട്ടാനകൾ കൂട്ടത്തോടെ കൃഷിഭൂമിയിൽ. പത്തും പതിനഞ്ചും ആനകളടങ്ങുന്ന കൂട്ടമാണ് നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്നത്.
വഴിക്കടവ് വനം റേഞ്ചിനു കീഴിലുള്ള പാലേമാട് കരിയംമുരിയം വനാതിർത്തിയോട് ചേർന്ന കർഷകൻ താഴത്തേടത്ത് ജോബിക്ക് കൃഷി തന്നെ മടുത്തു. രാവും പകലുമില്ലാതെ അധ്വാനിച്ചുണ്ടാക്കിയ തെങ്ങും കമുകും വാഴയും ഉൾപ്പെടെ ഉള്ളതെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. 2 ദിവസം മുൻപ് ആനകളിറങ്ങി മുപ്പതിൽ അധികം കമുകും വാഴകളും നശിപ്പിച്ചതാണ്.
ഇന്നലെ പുലർച്ചെ ആനക്കൂട്ടം വീണ്ടുമെത്തി വ്യാപകമായ നാശം വിതച്ചു. ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് കൃഷിയിടത്തിൽ ജോബി ഫെൻസിങ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം തെങ്ങ് മറച്ചിട്ട് ഫെൻസിങ് തകർത്തപ്പോൾ ഇനി ഇതുവാതിരിക്കാൻ ഫെൻസിങ്ങിനു സമീപമുണ്ടായിരുന്ന മറ്റൊരു തെങ്ങ് ജോബി മുറിച്ചു മാറ്റുകയായിരുന്നു. എന്നിട്ടും ഒരു രക്ഷയുമില്ല. കൃഷിയിടത്തിനു സമീപം താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലാണ്.