വയനാട് ബത്തേരി ഓടപ്പള്ളം പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപക കൃഷിനാശമാണ് ഉണ്ടാക്കുന്നത്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
അന്തിമയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ ഭയം, പുലർച്ചെ എഴുന്നേറ്റ് നോക്കുമ്പോൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ കൃഷിയെല്ലാം നിലംപരിശായ നിലയിലും. ഓടപ്പള്ളം പുതുവീട് നിവാസികൾ കഴിഞ്ഞ ഒരാഴ്ചയായി ഈ ഗതികേടിലാണ്. വീടുകൾക്ക് തൊട്ടരികിൽ വരെ എത്തിയാണ് കാട്ടാനകൾ വിളകൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാന സദാനന്ദൻ എന്ന കർഷകന്റെ തെങ്ങുകൾ കുത്തിമറിച്ചു. സദാനന്ദന് പുറമെ പ്രദേശവാസികളായ മനോജ്, ജയരാഘവൻ, ശശികുമാർ, ലക്ഷ്മണൻ, സത്യാനന്ദൻ എന്നിവരുടെ വാഴ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകളും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
പുതുവീട് മുതൽ വീട്ടികുറ്റി വരെയുള്ള ഭാഗത്ത് ഫലപ്രദമായ ഹാങ്ങിങ് ഫെൻസിങ് ഇല്ലാത്തതാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാൻ പ്രധാന കാരണം. വിവരമറിയിച്ചാൽ എത്തുന്ന വനപാലകർ പടക്കം പൊട്ടിച്ച് മടങ്ങുകയാണെന്നും, ആനയെ കാട്ടിലേക്ക് തുരത്താൻ ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്. കാട്ടാനയും മാനും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ നിരന്തര ശല്യം കാരണം പുതുവീട് പാടശേഖരത്തിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി കർഷകർ നെൽകൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.