രാഷ്ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ കഴിയൂവെന്ന് ഡോ. ശശി തരൂർ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല മാധ്യമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് തുണയാകുന്ന മാധ്യമ പ്രവർത്തനത്തെക്കുറിച്ചായിരുന്നു ഡോ. ശശി തരൂർ സംസാരിച്ചത്.
മലപ്പുറം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും മലയാള മനോരമ മുൻ അസി. എഡിറ്റർ കൂടിയായ മാത്യു മണിമലയുടെ സ്മരാണാർഥമാണ് പുരസ്കാരം നൽകുന്നത്. 30,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
സമ്മാനത്തുകയായ 30,000 രൂപ ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ' തെന്നല ബ്ലൂംസ് സ്പെഷൽ സ്കൂളിന് അദ്ദേഹം കൈമാറി. ബ്ലൂംസ് സ്കൂളിന്റെ സാരഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യാസ്മിൻ അരിമ്പ്ര ഏറ്റുവാങ്ങി.
ബ്ലൂംസ് സ്കൂളിന്റെ സാരഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യാസ്മിൻ അരിമ്പ്ര ഏറ്റുവാങ്ങി.
മാത്യു മണിമലയുടെ മകനും മനോരമ ന്യൂസ് ചീഫ് കോഓർഡിനേറ്റിങ് എഡിറ്ററുമായ റോമി മാത്യു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ, മലപ്പുറം നഗരസഭാധ്യക്ഷ വി.റിനിഷ, മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ ബീന ജോസഫ് തുടങ്ങി ഒട്ടേറെ പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.