പദ്ധതികൾ നടപ്പാക്കുന്നതിലെ അപാകതകൾക്കും സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയ്ക്കും തെളിവായി അവിശേഷിക്കുകയാണ് മലപ്പുറം പൊന്നാനിയിലെ ഫിഷർമെൻ കോളനി. നിർമാണത്തിൽ ഉണ്ടായ അപാകതകൾ കാരണം 120 വീടുകളാണ് 15 വർഷമായി മനുഷ്യവാസമില്ലാതെ നശിച്ചു പോകുന്നത്.
ആരുടെയൊക്കെയോ വീടെന്ന സ്വപ്നമായിരുന്നു. പലതും മേൽകൂര ഉൾപ്പെടെ നിലംപതിച്ചു. നിന്ന് തിരിയാൻ ഇടയില്ലാത്ത വീട്ടിനുള്ളിൽ താമസിക്കുക അസാധ്യം. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 15 വർഷം മുൻപ് കൊട്ടിഘോഷിച്ചു നടപ്പാക്കിയതാണ് ഇങ്ങനെയൊരു പദ്ധതി. ഇന്നിത് സാമൂഹ്യ വിരുദ്ധരുടെ ഇഷ്ട കേന്ദ്രമാണ്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തു വരാൻ നാട്ടുകാർക്ക് പോലും ഭയമാണ്. മാറി മാറി വരുന്ന സർക്കാരുകൾ ഫിഷർമെൻ കോളനി പുനരുദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും ഒന്നും യാഥാർത്ഥ്യമായിട്ടില്ല. വീടില്ലാതെ നിരവധി മത്സ്യത്തൊഴിലാളികൾ വാടകവീടുകളിൽ കഴിയുമ്പോഴാണ് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ കാരണം ഇവിടെ ഇങ്ങനെ ഏക്കറ് കണക്കിന് ഭൂമി ആർക്കും ഉപകാരമില്ലാതെ പോകുന്നത്.