പ്ലസ് വൺ രണ്ടാം ഘട്ട അലോട്മെന്‍റ് ലിസ്റ്റ് വന്നതിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന - വിദ്യാർഥി സംഘടനകൾ. പെൺകുട്ടിക്ക് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. കുട്ടിക്ക് മാനസികമായി വിഷമമുണ്ടായിരുന്നുവെന്നും മറ്റു കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് 15 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയിൽ അഞ്ചു വിഷയങ്ങളിൽ എ പ്ലസ് നേടിയ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. വിദ്യാർഥിനിയെ മരണത്തിലേക്ക് നയിച്ചത് പ്ലസ് വൺ സീറ്റ് ലഭിക്കാഞ്ഞതിലെ നിരാശ മൂലമാണന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ പരപ്പനങ്ങാടി ഡി ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
വിദ്യാഭ്യാസ വകുപ്പിന്‍റെ പിടിപ്പുകേടുകൊണ്ടാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുട്ടി മാനസിക സംഘർഷത്തിലായിരുന്നുവെന്നും കൗൺസിലിംഗ് നൽകി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം കബറടക്കം നടത്തി.