മക്കളുടെ ലോകം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ, അവരുടെ സ്വപ്നങ്ങൾക്കൊപ്പം സ്വന്തം ആഗ്രഹങ്ങളും മാറ്റിവയ്ക്കുന്നവരാണു പല മാതാപിതാക്കളും. അങ്ങനെയുള്ള കുടുംബങ്ങൾക്കു മറക്കാനാവാത്ത സായാഹ്നം സമ്മാനിച്ചിരിക്കുകയാണ് കോട്ടൂർ നവജീവൻ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്.

കോഴിക്കോട് ബീച്ചിന് ഇത്രയും മനോഹരമായൊരു മുഖമുണ്ടെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകില്ല. സായാഹ്ന സൂര്യനെ സാക്ഷിയാക്കി, കടലിന്റെ കുളിർകാറ്റേറ്റ്... ഒന്നിച്ചിരുന്ന് ചിരിച്ചു കളിച്ചപ്പോള്‍ ഈ ജിവിത്തില്‍ ഒരിക്കലും സാധ്യമാകില്ലെന്നുറപ്പിച്ചത് എത്തിപിടിച്ചതിന്റെ സംതൃപ്തിയായിരുന്നു മുഖത്ത്.

കുഞ്ഞുപാദങ്ങളിൽ കടൽത്തിര തഴുകിയപ്പോൾ രജീഷിന്റെ മുഖത്ത് വിരിഞ്ഞതു വിസ്മയം. ജീവിതം ചക്രക്കസേരയിലേക്ക് ചുരുങ്ങിപ്പോയ സുരേഷിനും ധീരജിനും കടല്‍ കാണുകയെന്നതു സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. മക്കളുടെ പരിചരണത്തിനും ചികിത്സയ്ക്കും കൂട്ടിരിപ്പിനുമിടയിൽ സ്വന്തം സന്തോഷങ്ങൾ പോലും മറന്നുപോയ മാതാപിതാക്കൾക്കും ഇത് വേറിട്ടൊരു അനുഭവമായി.

ഭിന്നശേഷിയെന്ന പരിമിതികൾക്കപ്പുറം സന്തോഷിക്കാനും സ്വപ്നം കാണാനും അവകാശമുണ്ടെന്ന് ഓർമിപ്പിച്ച യാത്രയായിരുന്നു അത്. ചില യാത്രകൾ ദൂരങ്ങൾ താണ്ടാനല്ല... ഹൃദയത്തിൽ ഒരായിരം ഓർമ്മകൾ നിറയ്ക്കാനാണ്. കോഴിക്കോട് പ്ലാനിറ്റോറിയം,സരോവരം പാർക്ക് എന്നിവിടങ്ങളിലെ കാഴ്ചകൾക്കുശേഷമാണ് കടപ്പുറത്തെത്തിയത്.

ENGLISH SUMMARY:

The Kottur Navajeevan Educational and Charitable Trust organized an unforgettable outing for differently-abled children and their families, concluding with a refreshing evening at Kozhikode Beach.