ലഹരിയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയില്‍ വിട്ടയച്ചെന്നു പരാതി. കോഴിക്കോട് കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിയത്ത്, കഴിഞ്ഞ ക്രിസ്മസ് രാത്രിയിലെ സംഭവമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ ലഹരിമാഫിയ തലവന്‍ ഉബൈദിന്‍റെ അടുത്ത കൂട്ടുകാരനെയാണ് വിട്ടയച്ചതെന്നാണു വെളിപ്പെടുത്തല്‍.
ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന പ്രധാനിയായ പള്ളിയത്ത് സ്വദേശി ഉബൈദ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഇയാളെ തെളിവെടുപ്പിന് സ്വന്തം വീട്ടിലെത്തിച്ചതിനു പിറകെയാണ് കഴിഞ്ഞ ക്രിസ്മസ് രാത്രിയിലെ നാട്ടുമധ്യസ്ഥം വീണ്ടും ചര്‍ച്ചയായത്.
ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് മൂന്നു കിലോയിലധികം വരുന്ന എംഡിഎംഎയുമായാണ് കഴിഞ്ഞ ഡിസംബറില്‍ പള്ളിയത്ത് വച്ച് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. എന്നാല്‍ വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിനു കൈമാറേണ്ടതില്ലെന്നും താക്കീത് നല്‍കി വിട്ടയച്ചാല്‍ മതിയെന്നും വാദം ഉന്നയിച്ചു. തുടര്‍ന്ന് പ്രദേശത്ത് കണ്ടുപോകരുതെന്നു താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
വിവരമറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും ലഹരിയുമായി യുവാവ് രക്ഷപെട്ടിരുന്നു. ലഹരി വില്‍പനയുമായി ബന്ധപെട്ട് ഡാന്‍സാഫിന്റെ നിരീക്ഷണത്തിലുള്ളയാളെയാണ് നാട്ടുകാര്‍ പിടികൂടിയിരുന്നതെന്ന് പൊലീസും പറയുന്നു. ലഹരിയുമായി പിടിയിലായ യുവാവിന്‍റെ കൂട്ടാളികളാണു മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്നില്‍ നിന്നതെന്നും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നുവെന്നുമാണ് പരാതി.