പാൻമസാല നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോട്ടയം വൈക്കത്ത് യുവാവിന് കുത്തേറ്റു. കർണാടക സ്വദേശിയായ അജയിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ആൽബിനെ പൊലീസ് പിടികൂടി. വൈക്കം ബീച്ചിന് സമീപം കാർണിവൽ നടക്കുന്ന സ്ഥലത്തുവെച്ച് ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കവും സംഘർഷവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പാൻമസാല നൽകാത്തതിനെത്തുടർന്ന് പ്രകോപിതനായ ആൽബിൻ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് അജയിനെ കുത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയായ ആൽബിനെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.