കോഴിക്കോട് എന്‍ഐടി ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നുള്ള മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നു.  പ്രദേശത്ത് മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും എന്‍ഐടി അധികൃതര്‍ ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍. ദുര്‍ഗന്ധം കാരണം പലരും  വീട് പോലും ഉപേക്ഷിച്ചുപോയെന്നും നാട്ടുകാര്‍ പറയുന്നു.  

തട്ടൂര്‍പൊയിലിലെ തോടിന് സമീപം മാനിപുരം സ്വദേശി സുനില്‍കുമാര്‍ നിര്‍മിച്ച  വീട് മലിനജലം കാരണം ഉപേക്ഷിക്കേണ്ടി വന്നു   . ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നതുകാരണം തൊട്ടടുത്ത കിണറ്റിലെ വെള്ളം മലിനമായി. അസഹ്യമായ ദുര്‍ഗന്ധം കൂടിയായതോടെ പാതി പൂര്‍ത്തിയായ വീട് സുനില്‍കുമാര്‍ ഉപേക്ഷിക്കുകയായിരുന്നു. കുടിവെള്ളത്തിന് പുറമെ  വായുവും മലിനമായതോടെ  സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറിയവരും ഏറെയാണ് .

​മാലിന്യം കലര്‍ന്ന്  ഉപയോഗ ശൂന്യമായ നിരവധി കിണറുകറുകളുണ്ട് ഇവിടെ . മഞ്ഞപ്പിത്തം പടര്‍ന്നതോടെ എന്‍ഐടി തന്നെ കിണറുകളിലെ വെള്ളം പരിശോധിച്ചു. അതിലാണ്  ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. എന്നിട്ടും മാലിന്യം ഒഴുക്കുന്നത് നിര്‍ത്താന്‍ തയാറായില്ല. പകരം  ഓരോ വീടുകളിലേക്കും ഒന്നിടവിട്ട ദിവസങ്ങളില്‍  20 ലീറ്റര്‍ വെള്ളം വീതം എത്തിക്കാമെന്ന് ഉറപ്പുനല്‍കി .എന്നാല്‍ കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും മിക്ക കുടുംബങ്ങള്‍ ഇപ്പോഴും ആശ്രയിക്കുന്നത് കിണര്‍വെള്ളമാണ്.

രാത്രി വൈകിയും പുലര്‍ച്ചെയുമാണ് മലിനജലം ഒഴുക്കിവിടുന്നത്. ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും NIT ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.. നാലുവര്‍ഷം മുമ്പ് തുടങ്ങിയ ഹോസ്റ്റിലില്‍   മൂവായിരത്തോളം വിദ്യാര്‍ഥികളുണ്ട്.

Locals Struggle as NIT Hostel Sewage Pollutes Drinking Water Sources: