ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന് നാടിന്‍റെ അന്ത്യാഞ്ജലി. സൈനിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ അരുണ്‍ രാജിന്‍റെ സംസ്ക്കാരം.

ഹവില്‍ദാര്‍ എസ്.ആര്‍ . അരുണ്‍ രാജ് ഇനി കണ്ണീരോര്‍മ. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഒരു നാടൊന്നാകെ ഒഴുകിയെത്തി. വിയോഗം അറിഞ്ഞെത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണീരടക്കാനായില്ല. 

ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. കഴിഞ്ഞ 21 വര്‍ഷമായി സൈനികനാണ് അരുണ്‍ രാജ്. കഴിഞ്ഞ ഓണത്തിനാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് പോയത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കാര്‍ഗില്‍ ദേശീയ പാതയില്‍ നിന്ന് സൈനികവാഹനം 600 അടി താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് അരുണ്‍ രാജിനും മറ്റൊരു സൈനികനും ഗുരുതര പരുക്കേറ്റത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. 

Havildar S.R. Arun Raj military funeral was held with full state honors at his hometown in Kozhikode following a tragic vehicle crash in Kargil. :