കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിലെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്തു വ്യാജ അംഗങ്ങളെ ചേര്‍ത്തതില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മുക്കം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈഎസ്പി എൻ.രാജേഷിനാണ് അന്വേഷണ ചുമതല. പരാതിക്കാരനും ബാങ്കിലെ സീനിയർ ക്ലാർക്കുമായ കെ.നിരൂപ്, ജീവനക്കാരനായ കെ.അനിൽകുമാർ എന്നിവരുടെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. കൂടുതൽ പേരുടെ മൊഴി ഇന്നും നാളെയുമായി രേഖപ്പെടുത്തും.
ബാങ്കിലെ സോഫ്റ്റ്‌വെയർ അട്ടിമറി, അനധികൃതമായി അംഗങ്ങളെ ചേര്‍ക്കല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയില്‍ വിശദമായ അന്വേഷമാണു പുരോഗമിക്കുന്നത്. സൈബര്‍ വിദഗ്ധരുടെ സേവനവും ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. യുഡിഎഫിനു മുൻതൂക്കമുള്ള ബാങ്കിൽ അനധികൃതമായി അംഗങ്ങളെ ചേര്‍ത്ത് അട്ടിമറിക്കാനായിരുന്നു ശ്രമം. ഇതിനായി സോഫ്റ്റ് വെയറില്‍ ഹാക്കിങ് നടന്നതു സ്ഥിരീകരിച്ചതോടെയാണ് മുക്കം പൊലീസ് കേസെടുത്ത്.
ബാങ്ക് മുൻ ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ, മുൻ സെക്രട്ടറി സി.അബ്ദുൽ മുജീബ്, ബാങ്കിലെ ഐടി ഹെഡ് ആയിരുന്ന മുബഷിർ അലി, ഇന്റേണൽ ഓഡിറ്റർ ആസിഫ് ഹുസൈൻ, ബാങ്കിലെ മുൻ ഐടി ജീവനക്കാരന്‍ അരുൺ ഷൂരി, എന്നിവരാണു പ്രതികള്‍. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ അട്ടിമറിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശ പ്രകാരമാണു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.