karassery-bank

TOPICS COVERED

കോഴിക്കോട് കാരശേരി സഹകരണ ബാങ്ക് സര്‍വര്‍ ഹാക്ക് ചെയ്തു വ്യാജ അംഗങ്ങളെ ചേര്‍ത്തതിനെ കുറിച്ചുള്ള അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിച്ചേക്കും. ഗുരുതരമായ ക്രമക്കേടുകളുണ്ടായെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനു പിറകെയാണു എസ്.ഐ.ടി. രൂപീകരണത്തിനു സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. അതിനിടെ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പെടുത്തിയതിനെരെയുള്ള അപ്പീലില്‍ നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും.

 

ബാങ്ക് സര്‍വറില്‍ ഹാക്കിങ് ഉള്‍പെടയുള്ള ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.  ഇതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസം ബാങ്ക് ചെയര്‍മാനായിരുന്ന എന്‍.കെ. അബ്ദുറഹ്മാന്‍, ജനറല്‍ മാനേജറായിരുന്ന സി.അബ്ദുല്‍ മുജീബ്, ഐ.ടി.ഹെഡായിരുന്ന ബഷിര്‍ അലി, ഇന്റേണല്‍ ഓഡിറ്റര്‍ ആസിഫ് ഹുസൈന്‍, ബാങ്കിന് ഐ.ടി. സേവനം നല്‍കിയിരുന്ന കമ്പനിയുടെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്. 

 

ജീവനക്കാരുടെ ലോഗിന്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ചു കോഴിക്കോട്ടെ ഐ.ടി. കമ്പനി വഴി വ്യാജ അംഗങ്ങളെ ചേര്‍ത്തെന്നാണു കണ്ടെത്തല്‍. എസ്.ഐ.ടി. രൂപീകരണം സംബന്ധിച്ച ഫയലില്‍ ഡി.ജി.പിയാണു തീരുമാനമെടുക്കേണ്ടത്. ഇതിനുശേഷമാകും മുക്കം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ ഉണ്ടാവുക. ഐ.ടി. കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണെമന്ന ആവശ്യവും ഉയര്‍ന്നു.

  

ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതിലുള്ള അപ്പീലില്‍ നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും. കാലങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന ബാങ്ക്, പിടിച്ചെടുക്കാനായി ചെയര്‍മാന്റെ സഹായത്തോടെ സിപിഎം വ്യാജ അംഗങ്ങളെ ചേര്‍ത്തുവെന്നാണു കോണ്‍ഗ്രസ് ആരോപണം.

ENGLISH SUMMARY:

Malayala Manorama Online News reports on the severe server hacking and fraudulent member additions at the Karassery Cooperative Bank in Kozhikode. The state government is moving towards a Special Investigation Team (SIT) probe following initial Crime Branch findings.