ചെന്നൈ നഗരത്തിലെ തിരക്കിനിടയിൽ എവിടെയോ വീണുപോയ അച്ഛന്‍റെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതിയ ചെന്നൈ സ്വദേശി സത്യയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ഒരു കൊറിയർ എത്തി. പൊട്ടിച്ചു നോക്കിയ സത്യയും കുടുംബവും അമ്പരന്നു, മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട അതേ ഫോൺ യാതൊരു കേടുപാടുകളുമില്ലാതെ അതിർത്തികൾ കടന്ന് ആ ഫോൺ ഉടമയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചത് മറ്റാരുമല്ല, കേരള പൊലീസാണ്.
തുമ്പുണ്ടാക്കിയത് CEIR പോർട്ടൽ– കഴിഞ്ഞ ജൂണിലാണ് ചെന്നൈ സെലയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് സത്യയുടെ പിതാവിന്‍റെ ഫോൺ നഷ്ടമാകുന്നത്. ഉടൻതന്നെ പൊലീസിൽ പരാതി നൽകുകയും കേന്ദ്ര സർക്കാരിന്റെ CEIR (സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്‍റിറ്റി റജിസ്റ്റർ) പോർട്ടലിൽ വിവരം റജിസ്റ്റർ ചെയ്യുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞപ്പോൾ പോർട്ടലിലെ 'Shared Traceability Details' വഴി ഫോൺ വയനാട്ടിലെ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആക്ടീവായതായി വിവരം ലഭിച്ചു. പിന്നാലെ കേസ് അന്വേഷണം വൈത്തിരി പൊലീസിലേക്ക് കൈമാറി.
മലപ്പുറത്തുനിന്ന് കണ്ടെത്തി, കൊറിയറായി ചെന്നൈയിലേക്ക്– സൈബർ സെല്ലിന്റെ സഹായത്തോടെ വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.പി. ആഷിഖ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്ത് മലപ്പുറം തിരൂരങ്ങാടിയിൽ നിന്നാണ് ഒടുവിൽ ഫോൺ കണ്ടെത്തിയത്. ഫോൺ ലഭിച്ചെങ്കിലും അടുത്ത കടമ്പ അത് ചെന്നൈയിലുള്ള ഉടമസ്ഥന് എത്തിക്കുക എന്നതായിരുന്നു. പരാതിക്കാരന് കേരളം വരെ യാത്ര ചെയ്യാനുള്ള പ്രയാസം മനസ്സിലാക്കിയ ആഷിഖ്, ഫോൺ കൊറിയർ വഴി ചെന്നൈയിലെ വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
‘ബിഗ് സല്യൂട്ട് കേരളാ പൊലീസ്’– കൈവിട്ടുപോയെന്ന് കരുതിയ അച്ഛന്‍റെ ഫോൺ സുരക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷം സത്യ പങ്കുവെച്ചത് ഒരു വീഡിയോയിലൂടെയാണ്. കേരള പൊലീസിനും കൃത്യതയോടെ ഫോൺ കണ്ടെത്തി അയച്ചുനൽകിയ സിപിഒ ആഷിഖിനും നന്ദി അറിയിച്ച് സത്യ. ഒരു ‘ബിഗ് സല്യൂട്ട്’ നൽകിയാണ് വീഡിയോ അവസാനിപ്പിച്ചത്.
ഫോൺ വീണ്ടെടുപ്പിലെ 'സൂപ്പർമാൻ'– കേരള പൊലീസിലെ ഫോൺ വീണ്ടെടുപ്പുകളിൽ ആഷിഖിന്റെ ട്രാക്ക് റെക്കോർഡ് ഒന്നുവേറെ തന്നെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ സെല്ലുമായി സഹകരിച്ച് CEIR പോർട്ടൽ വഴി 25-ഓളം നഷ്ടപ്പെട്ട ഫോണുകളാണ് ആഷിഖ് ഉടമകൾക്ക് വീണ്ടെടുത്തു നൽകിയത്. മുൻപ് വയനാട്ടിൽ വിനോദയാത്രയ്ക്കെത്തി ഫോൺ നഷ്ടപ്പെട്ട ഒരു കൊൽക്കത്ത സ്വദേശിക്കും സമാനമായ രീതിയിൽ ആഷിഖ് ഫോൺ കണ്ടെത്തി നൽകിരുന്നു.