അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയ കേസിൽ യൂട്യൂബർ അരുൺലാൽ അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശിയായ ഇയാളെ തിരുവനന്തപുരം വഞ്ചിയൂർ പോലീസാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജിജോ ജോൺ പുത്തേഴത്തിന്റെ വിയോഗത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ വലിയ അപമാനകരമായ പോസ്റ്റുകൾക്ക് തുടക്കമിട്ട പ്രധാന വ്യക്തികളിൽ ഒരാളാണ് അരുൺലാൽ എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അരുൺലാലിന്റെ യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ പ്രൊഫൈലുകളും കേന്ദ്രീകരിച്ച് തിരുവനന്തപുരം വഞ്ചിയൂർ പോലീസ് നടത്തിയ വിശദമായ വിവരശേഖരണത്തിനൊടുവിലാണ് അറസ്റ്റ് നടപടിയുണ്ടായത്.
ജിജോ ജോൺ പുത്തേഴത്തിനെതിരെ അസഭ്യപദപ്രയോഗങ്ങളും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങളും അടങ്ങിയ വീഡിയോകളും പോസ്റ്റുകളും ഇയാളുടെ ചാനലിൽ പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അരുൺലാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.