തലസ്ഥാനത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും പഴയ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസും സ്ഥിതിചെയ്യുന്ന ഭൂമി നാളെ രാവിലെ 10 മണിക്ക് സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തും. ഭൂമി കയ്യേറ്റ ആരോപണത്തിൽ ആർ. ശശികുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.
ഇതിനായി റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് നിർദ്ദേശം നൽകി. സർവേ നടപടികളിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്ര പ്രതിനിധികൾ പങ്കെടുക്കണമെന്ന് കാട്ടി തഹസിൽദാർ നോട്ടീസ് അയച്ചിട്ടുണ്ട്.1970-ൽ എ.കെ. ആന്റണി സർക്കാരാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി കേരള സർവകലാശാലയുടെ അധീനതയിലുള്ള ഭൂമി വിട്ടുനൽകിയത്.
എന്നാൽ ഒരു ഗവേഷണ സ്ഥാപനത്തിനായി അനുവദിച്ച പൊതുഭൂമി പിൽക്കാലത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായി മാറ്റി ഉപയോഗിച്ചുവെന്നും ഇതിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി ഉൾപ്പെടെ കയ്യേറിയെന്നുമാണ് പരാതിക്കാരനായ ആർ. ശശികുമാറിന്റെ പ്രധാന ആരോപണം. ആരോപണങ്ങൾ സർവേയിലൂടെ അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെ നടത്തുന്ന സർവേ നടപടികളുടെ വിശദമായ റിപ്പോർട്ട് തഹസിൽദാർ കോടതിയിൽ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വിഷയം ഹൈക്കോടതി തുടർന്ന് പരിഗണിക്കുക. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിലവിൽ പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ടുണ്ടെങ്കിലും, പാർട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളും പഠന ക്ലാസുകളും നടക്കുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനെതിരെയുള്ള കയ്യേറ്റ ആരോപണം ശരിവെക്കപ്പെട്ടാൽ അത് തിരിച്ചടിയാകും.