യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങളിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേനയുടെ കനത്ത വ്യോമാക്രമണം. യെമൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നൂറോളം യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കാളികളാകുന്നത്.
തന്ത്രപ്രധാനമായ ബാബ് അൽ മൻദബ് കടലിടുക്കിന്റെ (Bab el-Mandeb Strait) സുരക്ഷ സഖ്യസേന പൂർണ്ണമായും ഏറ്റെടുത്തതായും ഹൂതികളുടെ നൂറുകണക്കിന് കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായും സഖ്യസേന വക്താവ് സൗദി മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഹൂതി വിമതർ അടുത്തിടെ പിടിച്ചടക്കിയ തീരദേശ മേഖലകളുടെ കിഴക്കൻ അതിർത്തികളിൽ യെമൻ സർക്കാർ അനുകൂല സേന തിങ്കളാഴ്ച രാവിലെ മുതൽ ശക്തമായ കരയാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടാണ് സഖ്യസേന വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. കനത്ത ആക്രമണത്തിൽ ഹൂതി കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മേഖലയിലെ ഹൂതികളുടെ സ്വാധീനം ചെറുക്കുന്നതിന്റെ ഭാഗമായി വ്യോമ-കര മാർഗ്ഗങ്ങളിലൂടെയുള്ള സംയുക്ത നീക്കമാണ് സഖ്യസേന നടത്തുന്നത്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും.