കൊച്ചി മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ കോഴിക്കോട് ചാത്തമംഗലത്തും സമാനരീതിയില്‍ ഒരു ഫ്ലാറ്റ് നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. അഞ്ചരകോടി രൂപ ചെലവില്‍ 2018ല്‍ നിര്‍മാണം തുടങ്ങിയിട്ടും ഒച്ചിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.
ഒരേക്കര്‍ ഭൂമിയില്‍ നിര്‍മിച്ച ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നാല് നില കെട്ടിടമാണിത്. മുണ്ടംവേലിയില്‍ നിര്‍മിച്ച പ്രീഫാബ്രിക്കേഷന്‍ ടെക്നോളജിയിലാണ് ഈ ഫ്ലാറ്റ് സമുച്ചയവും നിര്‍മിക്കുന്നത്. സ്റ്റീല്‍ ഫ്രേമില്‍ ഷീറ്റുകള്‍ അടിച്ചാണ് ഭിത്തികള്‍ ഒരുക്കിയിരിക്കുന്നത്. മുറികള്‍ വേര്‍തിരിച്ചിരിക്കുന്നതും സമാനരീതിയില്‍ തന്നെ.
ഫ്ലാറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ 42 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ആ പ്രതീക്ഷയില്ല. അതുകൊണ്ട് തന്നെ പലരും വാടക വീടുകള്‍ തേടിയിറങ്ങികഴിഞ്ഞു.
മുണ്ടംവേലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന് തകരാറ് കണ്ടെത്തിയതോടെ ചാത്തമംഗലത്തെ ഫ്ലാറ്റ് നിര്‍മാണവും ഇതേ രീതിയില്‍ തുടരണോ എന്ന കാര്യത്തില്‍ അടിയന്തര പരിശോധന അനിവാര്യമാണ്.