തെരുവുനായ ആക്രമണത്തിനിരയായ വ്യക്തിക്ക് ഒരു വ്യാഴവട്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ നീതി. കോഴിക്കോട് കീഴരിയൂരില്‍ തെരുവ് നായയുടെ കടിയേറ്റ വിദ്യാര്‍ഥിനിക്ക് 52,000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ഉത്തരവ്.
12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആശ്വാസവിധി. അന്ന് വിദ്യാര്‍ഥിനി ആയിരുന്നുവെങ്കില്‍ ഇന്ന് അധ്യാപികയാണ് അമൃതപ്രിയ. 2014 മാര്‍ച്ചിലാണ് കീഴരിയൂര്‍ ടൗണിലൂടെ നടന്ന് പോകവേ കൊയിലാണ്ടി എസ്എന്‍ഡിപി കോളജിലെ ബിഎ വിദ്യാര്‍ഥിനിയായ അമ്യതപ്രിയയ്ക്ക് തെരുവ് നായയുടെ കടിയേല്‍ക്കുന്നത്.
വലതുകാലിലും ഇടതു കയ്യിലും കടിയേറ്റ അമ്യതപ്രിയയ്ക്ക് ഒരു മാസത്തോളം കോളജില്‍ പോകാന്‍ സാധിച്ചില്ല. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമപോരാട്ടത്തിനിറങ്ങിയത്. തെരുവ് നായകളെ കാണുമ്പോള്‍ ഇപ്പോഴും അമൃതപ്രിയയുടെ കയ്യും കാലും വിറയ്ക്കും.
നിയമപോരാട്ടത്തിനൊടുവില്‍ 52000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കീഴരിയൂര്‍ പഞ്ചായത്തിനോട് നിര്‍ദേശം നല്‍കി. പക്ഷെ, അന്നും ഇന്നും തെരുവുനായ ശല്യത്തിന് യാതൊരു അറുതിയും ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് വേദനയോടെ അമ്യതപ്രിയ ഓര്‍മിക്കുന്നു.