theyyam-drawing

TOPICS COVERED

കാസർകോട് ചിറ്റിക്കോട്ട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ വിരൽത്തുമ്പിൽ വരകൾക്ക് പുതുജീവൻ. ചെറുപ്പത്തിൽ ചേട്ടന്മാരുടെ വരകളിൽ നിന്ന് തുടങ്ങിയ യാത്ര ഇന്ന് ഡിജിറ്റൽ ആർട്ടിന്‍റെ പുതിയ സാധ്യതകളിലൂടെ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

ചെറുപ്പത്തിൽ ചേട്ടന്മാരുടെ വര കണ്ടാണ് ഉണ്ണികൃഷ്ണനും വരച്ചുതുടങ്ങിയത്. പ്ലസ് ടു കാലത്ത് വരയ്ക്ക് ചെറിയ ഇടവേള. പോളിടെക്നിക്കിൽ എൻജിനീയറിങ് ഡ്രോയിങ് പഠിക്കുമ്പോൾ വീണ്ടും ചിത്രകലയിലേക്ക്. 2017ൽ  ഡിജിറ്റൽ ആർട്ട് ചെയ്യാൻ പറ്റുമെന്ന് സുഹൃത്ത് പറഞ്ഞുനൽകി. പഴയൊരു ഫോണിൽ യൂട്യൂബ് വീഡിയോ കണ്ടാണ് കൂടുതലും പഠിച്ചതെന്നും,  2018ഓടെ  വര കൂടുതൽ സീരിയസായി എടുത്തുവെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

നാടിന്‍റെ സ്വന്തം കലാരൂപമായ തെയ്യത്തിന്‍റെ നിറങ്ങളും രൗദ്രതയും നൽകുന്ന അനുഭൂതി ഉണ്ണിയുടെ വരകളിൽ കാണാം. അതുകൊണ്ടുതന്നെ ഉണ്ണിയുടെ വരകളിൽ തെയ്യം പതിവായി.

വരച്ച മുത്തപ്പൻ തെയ്യത്തിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായതോടെ 'Sketches by Unni' എന്ന പേരും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ നാടിന്‍റെ പുറത്തുനിന്നുവരെ ആളുകൾ ചിത്രങ്ങൾ തേടിയെത്തി.

എന്നാൽ ഡിജിറ്റൽ ആർട്ടിന്‍റെ കാലത്ത് പുതിയൊരു വെല്ലുവിളിയുണ്ടെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ചിത്രം വരയ്ക്കാൻ മണിക്കൂറുകൾ അധ്വാനിച്ചാലും ഇത് AI ആണോ എന്ന ചോദ്യമാണ് വിഷമം ഉയർത്തുന്നത്. ജീവിതത്തിലെ തിരക്കുകൾക്കിടയിലും വരയിലൂടെ തന്‍റെ സ്വപ്നങ്ങൾ നേടുകയാണ് ഉണ്ണികൃഷ്ണൻ.

ENGLISH SUMMARY:

Inspiring journey of Unnikrishnan from Kasaragod, who transforms traditional Theyyam art into stunning digital masterpieces. Despite challenges from AI-generated art, his viral Instagram sketches continue to captivate art lovers across Kerala.