help-new

TOPICS COVERED

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒന്നായ രണ്ടുപേർ... എന്നാൽ, താലികെട്ടി പതിനഞ്ചാം നാൾ ആ സ്വപ്നങ്ങളിലേക്ക് ഒരു കാറിന്റെ രൂപത്തിൽ പാഞ്ഞെത്തിയത് അപ്രതീക്ഷിത വിധി. താമരശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ശരീരം തളർന്നുപോയ ബ്രിന്റയുടെ  ജീവിതം തിരിച്ചുപിടിക്കാൻ കാരുണ്യമുള്ള മനസ്സുകളുടെ കനിവ് തേടുകയാണ് കുടുംബം.

പ്രണയത്തിന്റെ സുന്ദര തീരത്തുനിന്ന് ജീവിതമെന്ന വലിയ സ്വപ്നത്തിലേക്ക് അവർ കൈകോർത്തു നടന്നു തുടങ്ങി. എന്നാൽ പതിനഞ്ചാം നാൾ, കണ്ണടച്ചു തുറക്കും മുൻപേ അവരുടെ വസന്തത്തിലേക്ക് കരിനിഴലായി ആ ദുരന്തം പാഞ്ഞെത്തി. കഴിഞ്ഞ ജൂലൈ 27-ന് വൈകുന്നേരം. താമരശ്ശേരി ഒടുങ്ങാക്കാട് പള്ളിക്ക് മുന്നിലൂടെ ഭർത്താവ് റിതുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്ന ബ്രിന്റയുടെ ജീവിതത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഒരു ഞൊടിയിട കൊണ്ട് ഇവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും റോഡിൽ തകർന്നു വീണു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബ്രിന്റയുടെ നട്ടെല്ലും ഇടുപ്പെല്ലും പൂർണ്ണമായും തകർന്നു. നടുവിന് താഴോട്ടുള്ള അസ്ഥികൾ നുറുങ്ങി, മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഈ ഇരുപതുകാരി ഇന്ന് ഒന്നു തിരിഞ്ഞു കിടക്കാൻ പോലും കഴിയാതെ വേദനയിൽ നീറുകയാണ്. ബത്തേരി പട്ടരുപടി ജവഹർ കോളനിയിലെ പഞ്ചായത്ത് നൽകിയ വീട്ടിലാണ് പതിനൊന്നംഗ കുടുംബത്തിന്റെ താമസം. പട്ടിണിയോട് മല്ലിടുന്ന ഈ കുടുംബത്തിന് അന്നന്നത്തെ ആഹാരത്തിന് പോലും വകയില്ല. നാട്ടുകാരുടെയും സുമനസ്സുകളുടെയും കാരുണ്യത്തിൽ ഇതിനകം ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. തുടർചികിത്സയ്ക്കായി ബ്രിന്റയെ ഇപ്പോൾ കോഴിക്കോട്ടേക്ക് മാറ്റുകയാണ്. ഒപ്പമുണ്ട്, നെഞ്ചുപൊട്ടുന്ന വേദനയിലും തളരാതെ റിതു. ഈ പെൺകുട്ടിക്ക് വീണ്ടുമൊന്ന് എഴുന്നേറ്റു നിൽക്കണമെങ്കിൽ, ജീവിതത്തിലേക്ക് പിച്ചവെക്കണമെങ്കിൽ ഇനിയും ലക്ഷങ്ങൾ വേണം. ആ മനുഷ്യത്വത്തിന് മുന്നിലാണ് കൈകൂപ്പി ഈ കുടുംബം നിൽക്കുന്നത്. നിങ്ങളുടെ ഒരു ചെറിയ കരുതൽ മതി, ബ്രിന്റയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ.

ENGLISH SUMMARY:

Malayala Manorama Online News highlights the tragic accident in Thamarashery where Brinta, a newlywed, suffered severe injuries and is now seeking financial aid for her recovery. Her life was shattered when a car collided with her bike just fifteen days after her wedding, leaving her with a broken spine and pelvis, and in desperate need of further medical treatment and support.