wild-animal-attack
  • വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും വെറും തുച്ഛമായ തുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്

വന്യജീവിശല്യം കാരണം ഉപജീവനമാര്‍ഗം കൂടി നഷ്ടപ്പെടുന്നതിന്‍റെ ആശങ്കയിലാണ് മലയോര കര്‍ഷകര്‍. കാട്ടാന മുതല്‍ കുരങ്ങ് വരെ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് കിട്ടുന്നത് തുച്ഛമായ നഷ്ടപരിഹാരം. കാട്ടിറങ്ങുന്ന ഭീതിയില്‍ സ്വന്തം മണ്ണ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കോഴിക്കോട് പെരുവണ്ണാമൂഴിയിലെ കര്‍ഷകര്‍.

പെരുവണ്ണാമൂഴിയിലെ ഭൂരിഭാഗം തെങ്ങുകളിലും  ഒരു തേങ്ങ പോലും ഉണ്ടാവില്ല. സാരോര്‍ജ വേലിയും കടന്നെത്തുന്ന കുരുങ്ങും മലയണ്ണാനും ഇളനീര്‍ പരുവമാകുമ്പോഴേക്കും എല്ലാം അകത്താക്കും. രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനയെത്തി കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിച്ചിടും. പൊന്നുപോലെ വിളയിച്ചെടുക്കുന്ന വിളകളത്രയും വന്യജീവികള്‍ നശിപ്പിക്കുന്നതിന്‍റെ ദുരിതത്തിലാണ് കര്‍ഷകര്‍.

വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും വെറും തുച്ഛമായ തുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.  തെങ്ങിന്  770 രൂപയും കുലയ്ക്കാത്തതിന് 385 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. വാഴയ്ക്ക് 110, 83 എന്നിങ്ങനെയാണ് വനംവകുപ്പ് നല്‍കുന്നത്. നഷ്ടപരിഹാരതുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍ പെരുവണ്ണാമൂഴി സ്വദേശി കെ.ഡി. ജോര്‍ജ് കോടതിയെ സമീപിച്ചിരിക്കുകയാണ്. 

2015  ല്‍ നിശ്ചയിച്ച തുകയാണ് വനംവകുപ്പ് നഷ്ടപരിഹാരമായി ഇപ്പോഴും നല്‍കുന്നത്. 10 വര്‍ഷം കഴിഞ്ഞിട്ടും തുക ഉയര്‍ത്താതിനാല്‍ നഷ്ടപരിഹാരം വെറും പ്രഹസനമാണെന്നാണ് ആക്ഷേപം. കടം വാങ്ങിയും ലോണെടുത്തുമൊക്കെ ചെയ്യുന്ന കൃഷിയാണ് വന്യജീവികള്‍ നശിപ്പിക്കുന്നത്.

ENGLISH SUMMARY:

Farmer distress in Kerala is escalating due to wildlife damaging crops, leading to a loss of livelihood. The meager compensation offered for crop destruction by animals like elephants and monkeys is a significant concern for farmers in regions like Peruvannamuzhi, Kozhikode.