നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞതോടെ ദുരിതത്തിലായി മാവൂർ സ്വദേശികളായ കുടുംബം. തുച്ഛമായ തുക നൽകി പ്രശ്നം പരിഹരിക്കാനുള്ള ലോറി ഉടമയുടെ ശ്രമം അംഗീകരിക്കില്ലെന്നും വീട് പുനർനിർമിക്കാനുള്ള പണം ലഭിക്കാതെ ലോറി മാറ്റാൻ അനുവദിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം. കരിങ്കല്ലുമായി പോയ ലോറി പഴംപള്ളിമെത്തലയിലെ വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ കിടപ്പുമുറികൾ പൂർണമായും തകർന്നു. റോഡിന് കേടുപാടുകളുണ്ടെന്ന് ഖദീജ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ച് അമിതഭാരവുമായി ഡ്രൈവർ ലോറി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
പ്രായമായ ഉമ്മയെയും കൂട്ടി ജീവനുംകൊണ്ട് ഓടിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ലെന്ന് ഖദീജ പറയുന്നു. 20 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് ഭർത്താവ് അബ്ദുസമദ് നിർമിച്ച വീടാണ് ലോറി ഇടിച്ച് തകർന്നത്. വീട് പുനർനിർമിക്കാൻ ഒന്നരലക്ഷം രൂപ പോലും മതിയാകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. തകർന്ന കിടപ്പുമുറികളും കരിങ്കൽ മതിലുകളും പുനർനിർമിക്കുന്നതിനൊപ്പം വീടിന്റെ വായ്പയും അടയ്ക്കാനുണ്ട്.
അർഹമായ നഷ്ടപരിഹാരം നൽകാൻ വാഹന ഉടമ തയ്യാറാകുന്നില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ മാവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.