കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി ലാബില്‍ പരിശോധനയ്ക്ക് ഫീസ്‍ ഏര്‍പ്പെടുത്തിയതിനെ ചൊല്ലി രാഷ്ട്രീയ പോര് തുടരുന്നു. മറ്റ് മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് കോഴിക്കോട് ഇടാക്കുന്നതെന്ന് കെ ജയന്ത് എം എല്‍ എ വിശദീകരിച്ചു. എന്നാല്‍ പണം ഇടാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മുഹമ്മദ് റിയാസ് എം എല്‍ എയുടെ പ്രതികരണം.
സൗജന്യമായിരുന്ന പരിശോധനകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സിപിഎമ്മും ബിജെപിയും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ ജയന്ത് എംഎല്‍എയുടെ വിശദീകരണം. സൗജന്യമായിരുന്നെങ്കിലും പരിശോധനകള്‍ മെഡിക്കല്‍ കോളജില്‍ നടന്നിരുന്നില്ല. പകരം നീതി ലാബുകളേയും സ്വകാര്യ ലാബുകളേയുമാണ് ആശ്രയിച്ചത്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാല്‍ പരിശോധനയ്ക്ക് പണം ഈടാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷ സംഘടനകള്‍ക്ക്. ഫീസ് ഏര്‍പ്പെടുത്താനുള്ള ആശുപത്രി വികസന യോഗത്തില്‍ ഇടതു പ്രതിനിധിയുണ്ടായിരുന്നെന്ന വാദം സിപിഎം തള്ളി. കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ബയോപ്‌സി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കാണ് പണം ഈടാക്കാന്‍ തീരുമാനിച്ചത്.