കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാതോളജി ലാബില്‍ പരിശോധനകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി. സൗജന്യമായിരുന്ന 14 പരിശോധനകള്‍ക്കാണ് 30 രൂപ മുതല്‍ 800 രൂപ വരെ ഈടാക്കുന്നത്. പരിശോധന ചെലവ് വര്‍ധിച്ചതുകൊണ്ടാണ് ഫീസ് ഈടാക്കുന്നതെന്നാണ് വിശദീകരണം.
കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ബയോപ്‌സി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പാതോളജി ലാബില്‍ സൗജന്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബയോപ്‌സി പരിശോധനയ്‌ക്ക് 150 രൂപ നല്‍കണം. ദിവസവും കൂടുതല്‍ പേര്‍ നടത്തുന്ന ഫൈബ്രിനോജന്‍ പരിശോധനയ്ക്ക് 500 രൂപയും ഈടാക്കാന്‍ തുടങ്ങിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലായി.
ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവുപരിശോധനകളെല്ലാം ഇതുവരെ സൗജന്യമായിരുന്നു. രക്തം കട്ടപിടിച്ചുണ്ടാക്കുന്ന തടസങ്ങള്‍ കണ്ടെത്താനുള്ള കോഗുലേഷന്‍ അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് ചെലവ് കൂടുതലാണ്. പരിശോധനകള്‍ക്ക് ആവശ്യമായ റീജന്‍റുകളുടെ അടക്കം ചെലവ് വര്‍ധിച്ചതോടെയാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം.
നിരവധി പരിശോധന റിപ്പോര്‍ട്ടുകള്‍ രോഗികള്‍ കൈപ്പറ്റാതെ പോകുന്നതിനാല്‍ പാഴ്‌ചെലവ് കൂടുകയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കഴിഞ്ഞയാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഫീസ് ഈടാക്കാന്‍ തീരുമാനമായത്.