arya-raj

TOPICS COVERED

ശാരീരിക പരിമിതികള്‍ ഒരു മനുഷ്യന്‍റെ  സ്വപ്ന്ങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിക്കുന്ന അപൂര്‍വ്വം ചില ജീവിതങ്ങളുണ്ട് ജീവിതപ്രതിസന്ധികളോട് പൊരുതി ജയിച്ച് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐസറില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആര്യ രാജിന്‍റെ കഥയും അത്തരത്തിലൊന്നാണ്.

സെറിബ്രല്‍ പാള്‍സി ബാധിച്ച്  ചലന ശേഷിയില്ലാതായത് ജനിച്ച് വെറും മൂന്ന് മാസമായപ്പോഴാണ്. ഒരു കുടുംബത്തിന്‍റെ സ്വപ്നം മുഴുവന്‍ തകര്‍ന്നടിഞ്ഞപ്പോഴും മകളെ വിധിക്ക് വിട്ടുനല്‍കാന്‍ ഒരുക്കമല്ലായിരുന്നു സിവില്‍ എന്‍ജിനിയറായ അച്ഛന്‍ രാജീവ്. ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും മകള്‍ക്കൊപ്പം നിന്നു. ഒപ്പം അമ്മ പുഷ്പയും സഹോദരന്‍ അര്‍ജുനും പൂര്‍ണ്ണ പിന്തുണയേകി. ആ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമാണ് ആര്യയുടെ ബിരുദാനന്തര ബിരുദ നേട്ടം. അതും രാജ്യത്തെ മുന്‍നിര ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഐസറില്‍ നിന്ന്.

നിരന്തരമായ തെറാപ്പികള്‍ക്കും ചികിത്സയ്ക്കുമൊടുവില്‍ ഏഴാം വയസിലാണ് ആര്യ പതുക്കെ കൈപിടിച്ച്  നടക്കാന്‍ തുടങ്ങിയത്.  എല്‍എസ്എസ് ,യുഎസ് എസ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ പത്തിലും പ്ലസ്ടുവിലും മിന്നും വിജയം കരസ്ഥമാക്കി. ഐസര്‍ പ്രവേശന പരീക്ഷയിലൂടെ ബി എസ് –എം എസ് ഇന്‍റഗ്രേറ്റ‍ഡ് പിജി കോഴ്സിനു ചേര്‍ന്നു. സ്ക്രൈബിനെ വെച്ചാണ് പരീക്ഷയെഴുതിയത്. ഒടുവില്‍ ഫലം വന്നപ്പോള്‍ മികച്ച വിജയം.  ഇതോടെ ആര്യയുടെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. വിദേശ സര്‍വകലാശാലയില്‍ നിന്ന് ആസ്ട്രോ ബയോളജിയില്‍  ഗവേഷണം നടത്തണമെന്നാണ് ആഗ്രഹം. ആര്യയുടെ വിജയത്തില്‍ വെസ്റ്റ്ഹിലിലെ അത്താണിക്കലെന്ന നാടിനും തികഞ്ഞ അഭിമാനം. 

ENGLISH SUMMARY:

Arya Raji, a remarkable individual who overcame cerebral palsy, has achieved a postgraduate degree from ISER, a top Indian science research institution. Her journey showcases that physical limitations are not barriers to dreams, highlighting immense perseverance and family support.