കോഴിക്കോട് കമ്മത്ത് ലൈനില്‍ നിന്ന് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ സ്വര്‍ണകടക്കാരന്‍ മുങ്ങിയിട്ട്,  ഒരാഴ്ച്ച ആകുമ്പോഴും ഇരുട്ടില്‍തപ്പി പൊലീസ്. വടക്കന്‍ ജില്ലകളില്‍ പലയിടത്തായി ഷഹര്‍നാസിനെ കണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ പ്രതികരിച്ചു. 

പറമ്പില്‍ബസാര്‍ സ്വദേശിയും കമ്മത്ത് ലൈന്‍ നാഷണല്‍ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹര്‍നാസാണ് കഴിഞ്ഞയാഴ്ച്ച വമ്പന്‍ തട്ടിപ്പ് നടത്തിയത്. കടയില്‍ വന്ന കസ്റ്റമര്‍ക്ക് മോഡല്‍ കാണിക്കാനെന്ന് പറഞ്ഞ് മറ്റു കടകളില്‍ നിന്ന് വാങ്ങിച്ച സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. തൊട്ടടുത്തുള്ള കടകള്‍ തമ്മില്‍ വിശ്വാസത്തിന്‍റെ പുറത്ത് ഇങ്ങനെ ആഭരണങ്ങള്‍ കൊടുക്കലും വാങ്ങലുമൊക്കെ പതിവാണ്. ഇതാണ് ഷഹര്‍നാസ് മുതലെടുത്തത്. ഒരു കിലോയോളം സ്വര്‍ണവുമായി മുങ്ങിയ ഇയാളെ പിടികൂടാനായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ല. വടക്കന്‍ കേരളത്തില്‍ ഇതിനോടകം പല ജില്ലകളില്‍ പ്രതിയെ കണ്ടെന്ന് പറഞ്ഞ് പൊലിസിന് ഫോണ്‍വിളികള്‍ എത്തിയെങ്കിലും കൃത്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചുവെന്നാണ് പൊലിസ് വാദം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അറസ്റ്റുണ്ടാകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. 

11 കടകളില്‍ ഷഹര്‍നാസ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം  പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. 

ENGLISH SUMMARY:

Kozhikode gold theft is a major concern as a gold smuggler, Shaharnas, remains at large after stealing over a crore worth of gold ornaments from Kammaath Lane. Despite police efforts and sightings reported across northern districts, the suspect has yet to be apprehended, leaving authorities searching in the dark.