ഊരും പേരുമറിയാത്ത ഒരാള്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി അതീവ ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. കോഴിക്കോട് മോട്ടൂളിയില്‍ കഴിഞ്ഞ 15നുണ്ടായ ജലസംഭരണി അപകടത്തില്‍ ചികിത്സയിലായിരുന്ന അമ്പലത്തുകുളങ്ങര സ്വദേശി വിശ്വനാഥനാണ് ജീവിതത്തിലേക്കു മടങ്ങിവരുന്നത്. നാടും നാട്ടുകാരും എം.എല്‍.എയുമെല്ലാം കരുതലിന്റെ കരം തീര്‍ത്തതാണ് വിശ്വനാഥനെ മടക്കിക്കൊണ്ടുവരുന്നത്.
കഴിഞ്ഞ15ന് മോട്ടൂളിയിലെ കുറിയര്‍ സ്ഥാപനത്തിലെത്തിയപ്പോഴാണു സമീപത്തെ കെട്ടിടത്തില്‍ ഒരാള്‍ അപകടത്തില്‍പെട്ടതു വിശ്വനാഥന്‍ അറിയുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, വിശ്വനാഥന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. എന്നാല്‍ വിഷവായു നിറഞ്ഞ ഭൂര്‍ഗ ജല സംഭരണിയിലിറങ്ങി അതീവഗുരുതരാവസ്ഥയിലാണ് വിശ്വനാഥനെ ആശുപത്രിയിലെത്തിക്കുന്നത്.
ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പാലത്തില്‍, മൂന്നുദിവസം വെന്റിലേറ്ററില്‍ കിടന്നാണു വിശ്വനാഥന്‍റെ തിരിച്ചുവരവ്. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും അവിശ്വസിനീയമാണ് ഈ പോരാട്ടം. ചികിത്സാ ചെലവ് കേള്‍ക്കുമ്പോഴേ ആകെയുള്ള ജീവന്‍കൂടി പോകുന്ന ഇക്കാലത്തു വിശ്വാനാഥനു തുണയായി എലത്തൂര്‍ എം.എല്‍.എയും ആശുപത്രിയും നാട്ടുകാരുമെല്ലാം ഒറ്റ മനസായി ഒപ്പം നിന്നു.
ഇനി കുറച്ചുകാലം ഫിസിയോ തെറാപ്പിയുണ്ട്. അതുകഴിഞ്ഞു കുറിയര്‍ സ്ഥാപനത്തിലെ ഡെലിവറി ബോയെന്ന ജോലിയിലേക്കെത്താമെന്നാണു പ്രതീക്ഷ. ഒപ്പം വീടെന്ന സ്വപ്നവും എത്തിപിടിക്കണം.