കോഴിക്കോട് കൊയിലാണ്ടി മൂടാടിയില്‍ ദേശീയപാതയില്‍ നാല് ദിവസത്തിനിടെയുണ്ടായത് മൂന്ന് അപകടങ്ങള്‍. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയില്‍ മാത്രം നടന്ന അപകടങ്ങളുടെ ദൃശ്യങ്ങളാണിത്. റോഡില്‍ വെളിച്ചമോ സിഗ്നല്‍ ലൈറ്റോ ഇല്ല, റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ലൈനില്ല. ഡിവൈഡര്‍ വച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ അത് തിരിച്ചറിയാന്‍ സഹായിക്കുന്ന റിഫ്ലക്ട്ര്‍ സ്റ്റിക്കര്‍ പതിച്ചിട്ടില്ല. ഇതൊക്കെയുണ്ടായിരുന്നെങ്കില്‍ ഈ അപകടങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ തന്നെ വ്യക്തം.
ബുധനാഴ്‌ച വൈകുന്നേരം 6.45 ഓടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റ ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
ബൈപാസ് നിര്‍മാണം നടക്കുന്നതിനാല്‍ നിലവിലുള്ള ദേശീയപാതയെ ഉപേക്ഷിച്ച മട്ടാണ്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഇവിടെ അപകടങ്ങള്‍ ആവര്‍ത്തിക്കും .