കോഴിക്കോട് പന്തീരങ്കാവിലെ ടോള്‍ പ്ലാസയുമായി ബന്ധപെട്ട ബാങ്ക് സെര്‍വറുകള്‍ സാങ്കേതിക തകരാറില്‍ ഡൗണ്‍ ആയപ്പോള്‍ പണികിട്ടിയത് ഉപഭോക്താക്കള്‍ക്ക്. ഫാസ്റ്റ് ടാഗില്‍ നിന്നും പണം പിന്‍വലിക്കുന്നത് താത്കാലികമായി തടസത്തിലാണ്. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനു പിന്നാലെ നേരത്തെ ഈടാക്കാത്ത ടോള്‍ ഫാസ്റ്റ് ടാഗില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡിഡക്ടായി തുടങ്ങിയപ്പോഴാണ് പരാതി ഉയര്‍ന്നത്.
മേയ് പത്തിന് വൈകുന്നേരം നാലുമുതല്‍ 12 വരെയാണ് പന്തീരങ്കാവിലെ ടോള്‍ ബൂത്തുമായി ബന്ധിപ്പിച്ച ബാങ്കുകളുടെ സെര്‍വറില്‍ സാങ്കേതിക പിഴവുണ്ടായത്. ഈസമയം ടോള്‍ പ്ലാസ വഴി കടന്നുപോയ15000 വാഹനങ്ങളില്‍ നിന്നും ടോള്‍ ഈടാക്കാന്‍ സാധിച്ചിരുന്നില്ല. പ്രശ്നം പരിഹരിച്ചതിനു പിന്നാലെ കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ ടോള്‍ അധികൃതര്‍ക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ അക്കൗണ്ടില്‍ നിന്നു ടോള്‍ ഈടാക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു വാഹന ഉടമകള്‍ക്ക് അറിയിപ്പ് എസ്.എം.എസായി കിട്ടി.
ദേശീയപാത ഉപയോഗിക്കാത്ത ദിവസം ഫാസ്ടാഗില്‍ നിന്നു പണം പിടിച്ചെന്ന എസ്.എം.എസ്.കിട്ടി തുടങ്ങിയതോടെ വാഹന ഉടമകള്‍ പരിഭ്രാന്തിയിലായി. ടോള്‍ ബൂത്തു കടന്നുപോകാത്ത ദിവസം പണം നഷ്ടമായെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടു. ചിലര്‍ ടോള്‍ ബൂത്തില്‍ പരാതിയും ബഹളവുമായും രംഗത്തെത്തി.
സെര്‍വര്‍ തകരാറിലായ സമയത്ത് ഇരുവശത്തേക്കും കടന്നുപോയ വാഹന ഉടമകള്‍ക്കാണ് നഷ്ടമുണ്ടായത്.ആദ്യയാത്ര സാങ്കേതിക തകരാര്‍ ഉണ്ടായ സമയത്തും മടക്ക യാത്ര കഴിഞ്ഞ ദിവസുമായി തെറ്റായി സെര്‍വറില്‍ രേഖപെടുത്തപെട്ടു. ഇതോടെ മടക്കയാത്രയ്ക്ക് അറുപത് രൂപ ഈടാക്കേണ്ട സ്ഥാനത്ത്135രൂപ നഷ്ടമായെന്നാണ് പരാതി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പണം നഷ്ടപെടില്ലെന്നുമാണ് ടോള്‍ പ്ലാസ കമ്പനിയുടെ വിശദീകരണം. ഫാസ്റ്റ് ടാഗുമായി എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ദേശീയ പാത ഹെല്‍പ് ലൈന്‍ നമ്പറായ1033ല്‍ പരാതി റജിസ്റ്റര്‍ ചെയ്യണമെന്നും ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചു. കൂടാതെ പരാതിയുമായി നേരിട്ടെത്തുന്നവര്‍ക്ക് ടോള്‍ പ്ലാസയില്‍ നിന്നു തന്നെ പണം തിരികെ നല്‍കാനും തുടങ്ങി.