ഒമ്പത് കോടി നല്‍കി കാര്‍ വാങ്ങാം, ടോള്‍ പ്ലാസയില്‍ 130രൂപ നല്‍കാന്‍ സ്വല്‍പം കൈ വിറയ്ക്കും. ടോള്‍ വെട്ടിക്കുന്ന കാര്യത്തില്‍ അത്യാഡംബര കാറുകളും കണക്കാണെന്നാണ് കോഴിക്കോട് നിന്നും പുറത്തുവരുന്ന വിഡിയോയിലൂടെ മനസിലാകുന്നത്. കോഴിക്കോട് പന്തീരാങ്കാവ് പ്ലാസയില്‍ ടോള്‍ നല്‍കാതെ  കടന്നുപോയ  റോള്‍ഡ് റോയ്സ് ഗോസ്റ്റ്  കാറിനെതിരെ കമ്പനി അന്വേഷണം തുടങ്ങി. ടോള്‍ പ്ലാസ അധികൃതര്‍ പൊലീസിനു പകരം കമ്പനിക്കു പരാതി നല്‍കുകയായിരുന്നു. 9 കോടി വിലയുള്ള കാര്‍  ടോള്‍ പ്ലാസയില്‍കൂടി അതിവേഗത്തില്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നാണ് റോള്‍സ് റോയ്സ് ഗോസ്റ്റ്. അതിസമ്പന്നരുടെ സ്വകാര്യ അഹങ്കാരമായ കാര്‍ കേവലം 130 രൂപയുടെ ടോള്‍ വെട്ടിച്ചു കടക്കുമോ. സംശയമുണ്ടെങ്കില്‍ പന്തീരങ്കാവ് ടോള്‍ പ്ലാസയില്‍ ജൂണ്‍ നാലിന് 3.36നുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍ മതി. 

എച്ച്.ആര്‍. 72 കെ.7977 എന്ന ഹരിയാന റജിസ്ട്രേഷനുള്ള ഗോസ്റ്റാണ് ടോള്‍ വെട്ടിച്ചുകടന്നത്. ജീവനക്കാര്‍ ടോള്‍ ബാരിയര്‍ അടക്കുന്നതിനു മുന്‍പ് തന്നെ ഗോസ്റ്റ് മറുപുറത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ സഹിതം ടോള്‍ പ്ലാസ റോള്‍സ് റോയ്സ് ഇന്ത്യക്ക് പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി അന്വേഷണം തുടങ്ങി. റോള്‍സ് റോയ്സ് മാത്രമല്ല ടോള്‍ വെട്ടിച്ചാഘോഷിക്കുന്ന ആഡംബരകാറുകള്‍. ഹരിയാന റജിസ്ട്രേഷനുള്ള ഒരു ഫോര്‍ച്ച്യൂണര്‍ പലതവണയാണ് ടോള്‍ കൊടുക്കാതെ വെട്ടിച്ചു കടന്നത്. ഒരുതവണ ജീവനക്കാരിക്കുനേരെ പാഞ്ഞടുക്കുകയും ചെയ്തു.

Luxury Cars Dodge Tolls in Kerala:

Rolls-Royce Ghost luxury car evaded toll at Pantheerankavu toll plaza, prompting an investigation by the company. This incident highlights a growing trend of luxury vehicles attempting to bypass toll payments, as also seen with a Fortuner.