രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിനകം 13 കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് കാറിലെത്തി ബിഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എയും ഗായികയുമായ മൈഥിലി താക്കൂര്‍. മുംബൈയിലെ പ്രശസ്തമായ ഗണേശോത്സവ വേദിയായ ലാൽബൗഗ്ച രാജ പന്തലിലാണ് മൈഥിലി താക്കൂര്‍ ആഡംബര കാറിലെത്തിയത്. സംഭവത്തിനു പിന്നാലെ എംഎല്‍എയുടെ ആഡംബരം വിവാദമായി.
രാഷ്ട്രീയ ജീവിതം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഗായികയായിരുന്ന എം.എൽ.എയ്ക്ക് എങ്ങനെ ആഡംബര കാര്‍ വാങ്ങാന്‍ സാധിച്ചു എന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന ചോദ്യം. മുംബൈയിൽ ഈ വാഹനത്തിന്റെ ഓൺ-റോഡ് വില 13 കോടി രൂപയിലധികമാണ്. അതേസമയം, സംഭവത്തില്‍ മൈഥിലിയെ പിന്തുണച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി.
രാഷ്ട്രീയക്കാർ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ എന്തിനാണ് ഇത്രയധികം വേദനയെന്ന് കങ്കണ ചോദിച്ചു. 'ഞങ്ങളുടെ യുവ എം.എൽ.എ ഒരു ആഡംബര കാർ ഉപയോഗിച്ചതിന്റെ പേരിൽ ട്രോളുകൾ നേരിടുകയാണ്. ഞങ്ങൾ നന്നായി ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് വല്ലാത്ത വേദനയാണ്, എന്തുകൊണ്ട് പാടില്ല? ഞങ്ങൾക്കും നന്നായി ജീവിച്ചുകൂടേ? പൊതുജങ്ങളുടെ പണത്തിൽ ഞങ്ങൾക്ക് താൽപ്പര്യമേയില്ല, എന്നാൽ ഞങ്ങൾ ദരിദ്രരായി ജീവിക്കണമെന്ന് പ്രതീക്ഷിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്' എന്നാണ് കങ്കണ കുറിച്ചത്.
പാട്ടുകാരിയില്‍ നിന്നും രാഷ്ട്രീയക്കാരിയായി മാറിയ മൈഥിലി താക്കൂർ 2025 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിലാണ് ആർജെഡി നേതാവ് ബിനോദ് മിശ്രയെ തോല്‍പ്പിച്ചത്. ബിഹാറിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് മൈഥിലി.