തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍റെ വിവാദ പരാമര്‍ശത്തില്‍ നടി തൃഷ കൃഷ്ണന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് സമൂഹത്തിൽ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യയ്ക്കും ഇരയാകുന്നതെന്ന് കങ്കണ കുറ്റപ്പെടുത്തി. വിവാദവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഹിമാചൽ പ്രദേശിലെ കുല്ലുവിൽ വെച്ച് തൃഷയുടെ പേരെടുത്ത് പറയാതെ കങ്കണ മാധ്യമങ്ങളോട് സംസാരിച്ചത്.
കങ്കണയുടെ വാക്കുകൾ: ‘തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന സംഭവങ്ങൾ നമ്മൾ കണ്ടതാണ്. ബഹുമാനിക്കപ്പെടുന്ന ഒരു പ്രശസ്ത നടിയുമായി ബന്ധപ്പെട്ട കാര്യത്തിൽ, ആ ബന്ധം രണ്ട് പേർക്കിടയിലുള്ള ഒന്നായിരുന്നു. എന്നാൽ അധിക്ഷേപങ്ങളും വ്യക്തിഹത്യയും വന്നപ്പോൾ അത് മുഴുവൻ സഹിക്കേണ്ടി വന്നത് ആ സ്ത്രീ മാത്രമാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സംഭവിക്കുന്ന ഒന്നാണ്. ജോലി ചെയ്യുന്നവരും വിജയിച്ചവരുമായ സ്ത്രീകൾ, അത് അഭിനേത്രികളാകട്ടെ, രാഷ്ട്രീയക്കാരാകട്ടെ, അല്ലെങ്കിൽ അധികാര സ്ഥാനങ്ങളിലുള്ളവരാകട്ടെ, അവരെ തളർത്താൻ എപ്പോഴും അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ് ചെയ്യാറുള്ളത്. എന്ന് അവസാനിക്കും ഈ രീതി? സമൂഹമെന്ന നിലയിൽ നാം സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു,' കങ്കണ പറഞ്ഞു.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡിഎംകെ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ഉദയനിധി സ്റ്റാലിന്റെ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചിലർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഒന്നു ചിരിച്ചിട്ട് താന്‍ കാവേരിയെ പറ്റിയാണ് പറഞ്ഞതെന്ന് ഉദയനിധി പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമർശം രാഷ്ട്രീയ കൊടുങ്കാറ്റിന് തന്നെ തിരികൊളുത്തിയത്.
ഭരണകക്ഷിയായ തമിഴക വെട്രി കഴകം ഉദയനിധിക്കെതിരെ രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ടിവികെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 4-ന് ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ ഉദയനിധി പുറത്തിറങ്ങിയിരുന്നു.