കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന യുവതിയെ നാല് ദിവസമായി കാണാതായതായി പരാതി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 27-കാരി ജുഫൈനയെയാണ് ഈ മാസം 12-ന് പുലർച്ചെ മുതൽ കാണാതായത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ജുഫൈനയെ കാണാതാകുന്നത്. ആശുപത്രിയിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ യുവതി പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്നാണ് . ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലും ജുഫൈന പുറത്തേയേക്ക് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ല.
ജുഫൈനയുടെ മൊബൈൽ ഫോൺ ആശുപത്രി അധികൃതരുടെ കൈവശമാണുള്ളത്. സാധാരണ ആശുപത്രിയിൽ നിന്ന് പുറത്തുപോകേണ്ട സാഹചര്യമുണ്ടായാൽ ഭർത്താവ് മുഹമ്മദ് സിറാജുദ്ദീനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കാറുണ്ടെന്ന് കുടുംബം പറയുന്നു.
എന്നാൽ കഴിഞ്ഞ നാല് ദിവസമായി ജുഫൈനയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാൽ കുടുംബം കടുത്ത ആശങ്കയിലാണ്. യുവതിയെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുടുംബവും നാട്ടുകാരും ജുഫൈനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.