സംസ്ഥാനത്ത് തുടര്‍ച്ചയായി നിപ ഭീതി ഉയരുമ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിഭാവനം ചെയ്ത ലെവല്‍ മൂന്ന് വൈറോളജി ലാബ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ട് നാളേറെയായെങ്കിലും സാങ്കേതിക തടസങ്ങള്‍ പ്രതിസന്ധിയാവുകയാണ്.
പുണെ വൈറോളജി ലാബില്‍ നിന്ന് ഫലം വരാന്‍ എട്ട് മണിക്കൂറോളം കാത്തിരിക്കണം. നിപ പോലുള്ള അടിയന്തസാഹചര്യങ്ങളില്‍ ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനായാണ് മെഡിക്കല്‍ കോളജില്‍ ലെവല്‍ മൂന്ന് വൈറോളജി ലാബിന്‍റെ നിര്‍മാണം ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തുടങ്ങിയ ലാബിന്‍റെ നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വരുത്തുന്ന കാലതാമസമാണ് ലാബ് പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതിന്‍റെ കാരണമായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ലാബിലേക്ക് കഴിഞ്ഞവര്‍ഷം ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വന്നതോടെ തിരിച്ച് അയച്ചു. പുതിയ ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് വീണ്ടും എത്തിക്കണം. ഇത്തരം ലാബുകള്‍ ഉണ്ടെങ്കില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് രോഗം സ്ഥീരികരിക്കാനാവും. കേന്ദ്രപൊതുമരാമത്ത് വകുപ്പിന്‍റെയും ഐസിഎംആറിന്‍റെയും ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള അഭിപ്രായവിത്യാസങ്ങളും ലാബിന്‍റെ പ്രവര്‍ത്തനം വൈകുന്നതിന്‍റെ കാരണമാണ്.